മാനന്തവാടി: നരഭോജി കടുവയെ പിടികൂടാനുള്ള തീവ്രശ്രമം വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടരുന്നു. നോർത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാൽ, കുഞ്ഞോം, മാനന്തവാടി ആർആർടി, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ എന്നിവരുടെ സംഘത്തിൽ നിന്നുള്ള 85 ജീവനക്കാരാണ് പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊന്ന നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നത്.
അതേസമയം പുളിക്കത്തൊടി ഷാനവാസിന്റെ വീടിന്റെ പിന്നിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചു. കടുവയെ കണ്ട സമയത്ത് മുറ്റത്ത് ഒരു സ്ത്രീയും കുട്ടിയും നിൽക്കുന്നുണ്ടായിരുന്നുവെന്നും നാട്ടുകാരിൽ ചിലർ ഒച്ചവച്ചതോടെ ഇവർ വീടിനകത്തേക്ക് ഓടിക്കയറുകയും ഇതിനിടെ കടുവ വീടിന് പുറകിലെ കാട്ടിലേക്ക് പോയെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിഷേധ സമരം നടന്നുകൊണ്ടിരുന്ന ഓഫിസിന് സമീപത്താണ് കടുവയെ കണ്ടത് . ഇതോടെ സ്ത്രീകളെയും കുട്ടികളെയും സ്ഥലത്തുനിന്നു മാറ്റി. പോലീസ് അകമ്പടിയിലാണ് ആളുകളെ വീട്ടിലേക്ക് കൊണ്ടുപോയത്. സ്ഥലത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന. കടുവ പരിസരത്ത് തന്നെ ഉണ്ടെന്ന് രാവിലെ സിസിഎഫ് പറഞ്ഞിരുന്നു. വീണ്ടും കടുവ ജനവാസ കേന്ദ്രത്തിൽ എത്തിയതോടെ ജനം കൂടുതൽ ആശങ്കയിലായി.
കടുവയെ പിടികൂടാനുള്ള സർവ സന്നാഹങ്ങളോടെയുമാണ് തെരച്ചിൽ നടക്കുന്നത്. മയക്കുവെടി വയ്ക്കാനും, അവശ്യ സാഹചര്യത്തിൽ വെടിവയ്ക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്ജീകരണങ്ങൾ സംഘത്തിന്റെ കൈവശമുണ്ട്. രണ്ടു വാക്കി ടോക്കികൾ, 38 ക്യാമറ ട്രാപ്പുകൾ, ഒരു ലൈവ് ക്യാമറ എന്നിവയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഡോ. അജേഷ് മോഹൻദാസ്, ഡോ. ഇല്ലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സുൽത്താൻ ബത്തേരി ആർആർടി സംഘം 2 ട്രാൻക്വിലൈസേഷൻ ഗണ്ണുകൾ, 2 ടൈഗർ നെറ്റ്കൾ എന്നിവയോടൊപ്പം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം കടുവയെ വെടിവയ്ക്കാൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. വെടിവെക്കാനുള്ള ഉത്തരവ് ഇവർക്ക് നൽകിയിട്ടുണ്ട്. കടുവ കൂട്ടിലാണ് അകപ്പെടുന്നതെങ്കിൽ കാഴ്ചബംഗ്ലാവിലേക്ക് മാറ്റുമെന്ന് എഡിഎം കെ ദേവകി പറഞ്ഞു.
അതേപോലെ വനത്തിൽ 20 മീറ്റർ പരിധിയിൽ കാട് വെട്ടുന്നതിനുള്ള സമ്മതം പോലീസിനെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസും ഫോറസ്റ്റും സംയുക്തമയി പട്രോളിങ് നടത്തും. സ്‌കൂൾ വിദ്യാർഥികൾക്കായി ആറ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. രാധയുടെ കുടുംബത്തിന് നൽകാൻ ബാക്കിയുള്ള തുക വിതരണം ചെയ്യുമെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ ഒരു കുടുംബാംഗത്തിന് താൽക്കാലികമായി ഫെബ്രുവരി ഒന്ന് മുതൽ തന്നെ ജോലി കൊടുക്കും. സ്ഥിര നിയമനം സർക്കാർ ഉത്തരവിനനുസരിച്ച് നടപ്പിലാക്കുമെന്നും എഡിഎം വ്യക്തമാക്കി.
ഇതുവരെയുള്ള സംഭവങ്ങൾക്ക് പോലീസ് കേസുകൾ എടുക്കില്ല. ആർആർടി അംഗങ്ങളുള്ള എൺപത് പേർ സ്ഥലത്ത് കേന്ദ്രീകരിക്കുന്നുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജില്ല കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരമായി മീറ്റിങ് കൂടുമെന്നും എഡിഎം വ്യക്തമാക്കി. സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു എഡിഎം.
കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീടിനു സമീപത്തെ സമുദായ ശ്മശാനത്തിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണു ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

















































