തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ശബരീനാഥൻ ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി വികെ പ്രശാന്ത് എംഎൽഎ. താൻ ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടിയാണെന്ന് വികെ പ്രശാന്ത് പ്രതികരിച്ചു.
ആളുകൾക്ക് എംഎൽഎ ഹോസ്റ്റലിൽ എത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നത്. കെഎസ് ശബരിനാഥന്റെ കൊമ്പത്തുള്ളവർ പറഞ്ഞാലും താൻ കേൾക്കില്ലെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.
അതേസമയം സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഹോസ്റ്റൽ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരിൽ രണ്ട് ഓഫിസ് മുറി അനുവദിച്ചിട്ടും എന്തിന് ശാസ്തമംഗലത്തെ നഗരസഭ കെട്ടിടത്തിൽ ഓഫിസ് മുറി തുറന്നിരിക്കുന്നുവെന്ന് ശബരീനാഥൻ നേരത്തെ സമൂഹമാധ്യമത്തിലൂടെ ചോദിച്ചിരുന്നു. പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഓഫിസ് മുറിയുടെ കാര്യത്തിൽ തർക്കം നടക്കുന്നതിനിടെയാണ് പ്രശാന്തിനെതിരെ വിമർശനവുമായി ശബരീനാഥൻ കൂടി രംഗത്തെത്തിയത്.
‘‘നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫിസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്? ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം’’ – ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനിടെ ഓഫിസ് കെട്ടിട വിവാദത്തിൽ വി കെ പ്രശാന്ത് എംഎൽഎക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്. എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.



















































