തിരുവനന്തപുരം: തങ്ങൾ ഒരു മുന്നണിയിലേക്കും പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നു പറഞ്ഞ വിഷ്ണുപുരം ചന്ദ്രശേഖരൻ 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി. താൻ യുഡിഎഫിനോട് തർക്കിക്കാനില്ല. യുഡിഎഫ് നേതാക്കളുടെ മനസിൽ ഉണ്ടായ തെറ്റിദ്ധാരണ കാമരാജ് കോൺഗ്രസ് തിരുത്തും. യുഡിഎഫുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവർ ഇങ്ങോട്ട് വന്നതല്ല, താൻ അങ്ങോട്ട് പോയതാണെന്നാണ് ചന്ദ്രശേഖരൻ പറഞ്ഞത്.
ഞങ്ങളുടെ മുന്നണി പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിക്കരുതെന്ന് ഫോൺ വിളിച്ച് പറഞ്ഞിരുന്നു. പക്ഷെ യുഡിഎഫ് പ്രഖ്യാപിച്ചു. നാല് മാസം മുൻപാണ് ചർച്ച ചെയ്തത്. യുഡിഎഫിനെ ഞാനല്ല, എന്നെ അവരാണ് വഞ്ചിച്ചത്. അപേക്ഷ ഉണ്ടെങ്കിൽ കാണിക്കട്ടെ. ഞങ്ങൾ ഇടതുപക്ഷത്തിന് ഒപ്പവും നിന്നിട്ടുണ്ട്. ഞങ്ങൾക്ക് ആരോടും അയിത്തമില്ല, വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. അതുപോലെ യുഡിഎഫ് വാതിൽ പൂട്ടിയെങ്കിൽ അതിന്റെ താക്കോൽ അവരുടെ കൈവശം തന്നെ ഇരിക്കട്ടെ എന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. ഒരിടത്തേക്കും ഇരന്നുചെല്ലേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം കഴിഞ്ഞ 11 വർഷമായി എൻഡിഎയിൽ പ്രവർത്തിച്ചിട്ടും തനിക്ക് ലഭിച്ചത് ചായയും വടയും മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഘടകകക്ഷികൾ വളർന്നുവരുന്നത് മുന്നണിയിലെ ചിലർക്ക് ഇഷ്ടമല്ലെന്നും തങ്ങളുടെ കാര്യത്തിൽ ബിജെപി സ്വീകരിക്കുന്നത് ചിറ്റമ്മ നയമാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും ബിജെപിയുടെ പിന്തുണ ലഭിച്ചില്ലെന്നും ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
അതുപോലെ എൻഡിഎയിലെ പ്രശ്നങ്ങൾ രാജീവ് ചന്ദ്രശേഖർ ഇടപെട്ട് പരിഹരിച്ചാൽ മാത്രം മുന്നണിയിൽ തുടരും. അല്ലാത്തപക്ഷം മുന്നണി വിടുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ആകെ ആറ് സീറ്റുകൾ ആവശ്യപ്പെടാനാണ് കാമരാജ് കോൺഗ്രസിന്റെ തീരുമാനം. അവഗണന തുടരുകയാണെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരെ തോൽപ്പിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


















































