ലണ്ടൻ: അപ്രതീക്ഷിതമായി ടെസ്റ്റിലെ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിയുടെ പ്രതികരണം ഇങ്ങനെ. ‘നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം ഈ പണി നിർത്താൻ സമയമായി എന്ന്’–
മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘യുവികാൻ’കാൻസർ ധനശേഖരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരം. ലണ്ടനിൽ നടന്ന പരിപാടിക്കിടെ വിരമിക്കൽ തീരുമാനത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് കോലി പ്രതികരണം.
‘ഞാൻ രണ്ട് ദിവസം മുൻപാണ് താടി കറുപ്പിച്ചത്. ഓരോ നാലു ദിവസത്തിലും താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം വിരമിക്കാൻ സമയമായി എന്ന്–’ കോലി പറഞ്ഞു. വിരാട് കോലിയെ കൂടാതെ മുൻ ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്ൽ, കെവിൻ പീറ്റേഴ്സൻ, രവി ശാസ്ത്രി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
അതേസമയം മേയ് 12നാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കോലി വിരമിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായിരുന്നു താരത്തിന്റെ വിരമിക്കൽ. ഇതിനിടെ കുടുംബസമേതം ലണ്ടനിൽ താമസിക്കുന്ന കോലി, ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ കാണാൻ പോകാത്തതും അതേസമയം വിമ്പിൾഡനിൽ എത്തിയതും ഏറെ വിവാദമായിരുന്നു.