ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാൻ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ നിരീക്ഷകരായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി സുശീൽ കുമാർ ലോഹാനി, ധനകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡി ആനന്ദൻ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നിതിൻ കുമാർ ശിവ്ദാസ് ഖഡെയെ റിസർവ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻഡിഎയും പ്രതിപക്ഷവും തങ്ങളുടെ സ്ഥാനാർത്ഥികളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി. ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ തമിഴ്നാട് സ്വദേശിയാണ്. രണ്ട് തവണ ലോക്‌സഭാ എംപിയായിട്ടുണ്ട്. നിലവിൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിക്കുന്നു. റിട്ട. ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. മുൻ സുപ്രീം കോടതി ജഡ്ജിയാണ് ബി. സുദർശൻ റെഡ്ഡി. ഹൈദരാബാദിൽ ജനിച്ച ഇദ്ദേഹം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 25 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം. സെപ്റ്റംബർ ഒൻപതിനാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും അന്നുതന്നെ നടക്കും. ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം ജൂലൈ 21 ന് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആരോഗ്യപരമായ കാരണങ്ങളെന്ന ഔദ്യോഗിക വിശദീകരണത്തിനു പിന്നാലെ ചില അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. മോദി സർക്കാരുമായി ധൻകറിന് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെന്നും ചില രാഷ്ട്രീയപരമായ നീക്കങ്ങളാണ് രാജിക്ക് പിന്നിലെന്നുമായിരുന്നു അഭ്യൂഹം . എന്നാലിതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.