മാവേലിക്കര: ‘കേന്ദ്രസർക്കാർ എനിക്കു നൽകിയ പദ്മഭൂഷൺ സവിനയം സ്വീകരിക്കുന്നു. ഈ അംഗീകാരം ശ്രീനാരായണഗുരുപാദങ്ങളിൽ സമർപ്പിക്കുന്നു’ – പുരസ്‌കാരനേട്ടത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തിലെ സാധാരണക്കാർ തനിക്കുതന്ന ശക്തിയും പിൻബലവുമാണ് ദുർഘടപാതകളിൽ പ്രചോദനമായത്. പലരും അവാർഡുകൾക്കായി ശുപാർശകളുമായി പോകാറുണ്ട്. എന്നാൽ, താൻ അത്തരക്കാരനല്ല. ആരെങ്കിലും അവാർഡുമായി വന്നാൽ നിരുത്സാഹപ്പെടുത്താറാണു പതിവ്. കേന്ദ്രസർക്കാർ തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡമറിയില്ല. സാമൂഹികസത്യങ്ങൾ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരമാണിത്. ഇതിനു സമുദായത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയനിലെ ഈരേഴ തെക്ക് 6023-ാം നമ്പർ ശ്രീശാരദാ ശതാബ്ദിസ്മാരക ശാഖയിലെ ഗുരുക്ഷേത്രസമർപ്പണം നിർവഹിച്ചശേഷം വേദിയിലിരിക്കുമ്പോഴാണ് വിവരമറിഞ്ഞത്. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ വിവരം ഫോണിലൂടെ അറിയിച്ചപ്പോൾ കണ്ണുനിറഞ്ഞു.
സമുദായത്തിലെ സാധാരണക്കാർ തനിക്കുതന്ന ശക്തിയും പിൻബലവുമാണ് നാളിതുവരെയുള്ള ദുർഘടപാതകളിൽ പ്രചോദനമായത്. പലരും അവാർഡുകൾക്കായി ശുപാർശകളുമായി പോകാറുണ്ട്. എന്നാൽ, താൻ അത്തരക്കാരനല്ല. ആരെങ്കിലും അവാർഡുമായി വന്നാൽ നിരുത്സാഹപ്പെടുത്താറാണു പതിവ്. കേന്ദ്രസർക്കാർ തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡമറിയില്ല. സാമൂഹികസത്യങ്ങൾ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരമാണിത്. ഇതിനു സമുദായത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നായർ-ഈഴവ ഐക്യത്തിനായി വീണ്ടും പരിശ്രമിക്കുന്നതിനിടയിലാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തേടി രാഷ്ട്രത്തിന്റെ അംഗീകാരമായി പദ്മഭൂഷൺ പുരസ്‌കാരമെത്തിയത്. എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി എത്തിയിട്ട് 30 വർഷമായി.
ശാഖ-യൂണിയൻ-യോഗം എന്നിങ്ങനെ ത്രിതല സംവിധാനത്തിലായിരുന്ന യോഗത്തിന്റെ ഘടന പഞ്ചതല സംവിധാനമാക്കിയത് വെള്ളാപ്പള്ളിയാണ്. സമുദായത്തിന്റെ ചട്ടക്കൂടുകളുടെ പുറത്തേക്കു വളരാൻ കഴിഞ്ഞതാണ് വെള്ളാപ്പള്ളിയുടെ വിജയം. മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്കും കുടുംബ യൂണിറ്റുകൾക്കുമാണ് അദ്ദേഹം പുതുതായി രൂപംനൽകിയത്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം 45-ൽനിന്ന് അദ്ദേഹം നൂറിലധികമാക്കി. വിദേശത്തും യോഗത്തിനു വേരൂന്നിക്കഴിഞ്ഞു. നിലവിൽ ശാഖകൾ ഏഴായിരത്തിലധികമായി. യൂണിയനുകൾ 58-ൽനിന്ന് 140 കഴിഞ്ഞു.
















































