തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പൻഡ് ചെയ്ത നടപടിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പരാതിയില്ലാതിരുന്നിട്ടും രാഹുലിനെതിരെ നടപടിയെടുത്തത്കോൺഗ്രസിന്റെ ധീരമായ നിലപാടാണ്. കേരളത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്തരമൊരു സംഭവത്തിൽ കാർക്കശ്യത്തിൽ നടപടിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ മുൻനിരയിലുള്ള ആളായിരുന്നിട്ടും കോൺഗ്രസ് അയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
യാതൊരു പരാതിയോ, തെളിവോ ഇല്ലാഞ്ഞിട്ടും 24 മണിക്കൂറിനകം യൂത്ത്‌കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പിന്നീട് പാർട്ടി പ്രാഥമികാംഗത്വം സസ്‌പെൻഡ് ചെയ്തു. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടി കേരളത്തിൽ ഇങ്ങനെയൊരു തീരുമാനം മുൻപ് എടുത്തിട്ടുണ്ടോ?
ഞങ്ങളെ കളിയാക്കുന്ന സിപിഎമ്മിന് സ്വയം ഒരുളുപ്പ് വേണ്ടേ? ഒരു റേപ്പ് കേസിലെ പ്രതി എംഎൽഎ ആയിരിക്കുന്ന പാർട്ടിയാണ് സിപിഎം. അങ്ങനെ ചൂണ്ടിക്കാണിക്കാൻ പലതുണ്ട്. ഇഷ്ടം പോലെ പേരുകളുണ്ട് പറയാൻ. അവർക്കെതിരെയൊന്നും ഇവർ നടപടിയെടുത്തിട്ടില്ല. പക്ഷേ വേറൊരു പാർട്ടിയെയും പോലെ അല്ല കോൺഗ്രസ് ഇക്കാര്യത്തിൽ നടപടിയെടുത്തത്. അത് സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ആദരവും ബഹുമാനവുമാണ്. പാർട്ടിയുടെ മുൻനിരയിലുള്ള ആളായിരുന്നിട്ടും രക്ഷപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. അതുപോലെ രാജി ആവശ്യപ്പെടാനുള്ള ധാർമികത സിപിഎമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.