പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശരിക്കും പ്രതിരോധത്തിലായത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യയിൽ ഒരു രാഷ്ട്രീയപാർട്ടിയും ചെയ്യാത്ത രീതിയിലുള്ള മാതൃകാപരമായ നടപടികളാണ് തങ്ങൾ സ്വീകരിച്ചതെന്നും രാഹുലിന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ വിഷയം സജീവമായി നിർത്താനാണ് സിപിഎം ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ്. പറവൂരിൽ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഞങ്ങളെ ഒരിക്കലും ബാധിക്കില്ല. മുഖ്യമന്ത്രി കൈ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ആളുകളുടെ പേരൊന്നും ഞാൻ പറയേണ്ടതില്ലല്ലോ. അവരെ ജനങ്ങൾ കാണുന്നുണ്ടല്ലോ. ഞങ്ങൾ ആരുടെയും കൈ പിടിച്ചുകൊണ്ടുനിൽക്കുന്നില്ല. ഞങ്ങൾ ആ കൈവിട്ടു. വേണ്ടാത്ത കാര്യം വന്നപ്പോൾ ഞങ്ങൾ ആ കൈവിട്ടു. മുഖ്യമന്ത്രി ഇപ്പോഴും ആ കൈപിടിച്ചുകൊണ്ട് നിൽക്കുകയാണ്. സിപിഎം അറസ്റ്റൊക്കെ നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ ഈ വിഷയം നിർത്താം എന്ന് തെറ്റിദ്ധരിച്ചു. അതിൽ തിരിച്ചടിയുണ്ടാകും. വിഷയത്തിൽ അവർ പ്രതിക്കൂട്ടിൽ നിൽക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ ആരോപണം വന്നതെ ഞങ്ങൾ കൃത്യമായ അച്ചടക്ക നടപടികളെടുത്തു. ഒരു രാഷ്ട്രീയപാർട്ടിയും ഇന്ത്യയിൽ ചെയ്യാത്ത രീതിയിലുള്ള മാതൃകാപരമായ നടപടികളെടുത്തപ്പോൾ അവിടെ സിപിഎം പ്രതിരോധത്തിലായി. – വി.ഡി. സതീശൻ പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ രണ്ടാമത്തെ ലൈംഗികപീഡനക്കേസിലെ മുൻകൂർ ജാമ്യഹർജയിൽ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച വിധിപറയും. അതുവരെ കർശ നനടപടികൾ പാടില്ലെന്ന് കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. വിധി വരുന്നതുവരെ അറസ്റ്റ് തടയണമെന്ന നിർദേശമാണ് ഇതിലൂടെ കോടതി പോലീസിന് നൽകിയതെന്നാണ് പ്രതിഭാഗത്തിന്റെ വ്യാഖ്യാനം. ആദ്യ പീഡനക്കേസിൽ ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

















































