ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നും ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നുമായിരുന്നു മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് കൂടുമാറിയത്. തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന് യാത്രയയപ്പ് നൽകി രാജസ്ഥാൻ റോയൽസും യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറേലടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കൗമാര ഹീറോ വൈഭവ് സൂര്യവംശിയും സഞ്ജു സാംസണ് ഹൃദയഹാരിയായ കുറിപ്പെഴുതിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് വൈഭവിന്റെ പ്രതികരണം. വൈഭവിന്റെ കുറിപ്പ് ഇങ്ങനെ- ‘ടിവിയിൽ നിങ്ങളുടെ ബാറ്റ് കാണുന്നത് മുതൽ നിങ്ങളോടൊപ്പം ബാറ്റ് ചെയ്യുന്നത് വരെ, എല്ലാം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നോട് എപ്പോഴും സംസാരിക്കുന്നതിനും ഒരു സഹോദരനെപ്പോലെ പരിഗണിച്ചതിനും നന്ദി. ആ പിന്നേ, എന്നോട് എപ്പോഴും അങ്ങനെത്തന്നെ സംസാരിക്കണം’.
അതേസമയം ഐപിഎല്ലിന്റെ അടുത്ത സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിലാണ് സഞ്ജു കളിക്കുക. ട്രേഡിലൂടെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെ ചെന്നൈ തട്ടകത്തിലെത്തിച്ചത്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ റോയൽസിന് വിട്ടുനൽകി. എന്നാൽ റുതുരാജ് ഗെയ്ക്ക്വാദാണ് അടുത്തസീസണിൽ ചെന്നൈ ടീമിനെ നയിക്കുക.
View this post on Instagram

















































