ഉപരോധം ഏർപ്പെടുത്തിയതോടെ എണ്ണക്കച്ചവടത്തിൽ പുതിയ തന്ത്രം പയറ്റിയ ഇറാനെ കയ്യോടെ പിടിച്ച് അമേരിക്ക. ഉപരോധം മറികടന്ന് കച്ചവടം നടത്താനായി മറ്റൊരു രാജ്യത്തിന്റെ ‘ലേബൽ’ ഉപയോഗിച്ച് എണ്ണക്കച്ചവടം നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതോടെ കള്ളക്കടത്തിൽ ഉൾപ്പെട്ടവർക്കും ഷിപ്പിങ് ശൃംഖലയ്ക്കും മേൽ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചു.
അതേസമയം ഇറാഖ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നിവയുടെ പൗരത്വമുള്ള ഒരാളുടെ നേതൃത്വത്തിലായിരുന്നു ‘എണ്ണക്കള്ളക്കടത്ത്’. ഇറാഖിന്റെ ക്രൂഡ് ഓയിൽ വീപ്പകളിൽ ഇറാന്റെ എണ്ണ നിറച്ച്, ഇറാഖിന്റെ എണ്ണയെന്ന പേരിലായിരുന്നു കച്ചവടം. ഇതോടെ ഇയാൾക്കും ഇയാളുടെ പങ്കാളിത്തമുള്ള ബാബിലോൺ നാവിഗേഷൻ, ലൈബീരിയൻ പതാകയേന്തിയ അഡേന, ലിലിയാന, കാമില എന്നീ ഓയിൽ ടാങ്കറുകൾ എന്നിവയ്ക്കുമെതിരെയാണ് ഉപരോധം പ്രഖ്യാപിച്ചത്.
മാത്രമല്ല , മാർഷൽ ഐലൻഡ്സിൽ റജിസ്ട്രേഷനുള്ള ട്രൈഫോ നാവിഗേഷൻ, കീലി ഷിപ്ട്രേഡ്, ഒഡയർ മാനേജ്മെന്റ്, പനേറിയ മറീൻ, ടോപ്സെയിൽ ഷിപ്ഹോൾഡിങ് എന്നിവയെയും കള്ളക്കടത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ആണവായുധ ശേഖരണം, യുദ്ധം തുടങ്ങിയവ ആരോപിച്ച് ഇറാനുമേൽ അമേരിക്ക നേരത്തേ ഉപരോധം പ്രഖ്യാപിച്ചത് പ്രാബല്യത്തിലുണ്ട്. ഇറാന്റെ എണ്ണ വിൽപന വരുമാനം തടയുകയും സാമ്പത്തികമായി സമ്മർദത്തിലാക്കുകയുമാണ് ലക്ഷ്യം.
ഇതു മറികടന്ന്, മറ്റൊരു രാജ്യത്തിന്റെ ലേബലിൽ എണ്ണക്കടത്ത് നടത്താനുള്ള ശ്രമങ്ങളാണ് പിടിക്കപ്പെട്ടത്. ഇറാന്റെ എണ്ണ രാജ്യാന്തര വിപണിയിൽ എത്തുന്നത് തടയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലെ ആണവ ചർച്ചകൾ പൊളിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് ഇറാനുമേൽ കൂടുതൽ ഉപരോധം വരുന്നത്. അതേസമയം, വിഷയത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ട്രംപ് ഭരണകൂടം ഉപരോധം പിൻവലിച്ചതോടെ, 14 വർഷത്തിനുശേഷം ആദ്യമായി സിറിയ ക്രൂഡ് ഓയിൽ കയറ്റുമതി നടത്തി. 14 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് ഏറക്കുറെ ശമനമാവുകയും അൽ- അസദ് ഭരണകൂടത്തിന് അന്ത്യമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്ക ഉപരോധം പിൻവലിച്ചത്. അസദിനെ പുറത്താക്കി അധികാരത്തിലേറിയ ഭരണകൂടം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.