വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് എംബസിയുടെ അപ്രതീക്ഷിത സന്ദേശം. പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു മികച്ച സുഹൃത്താണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായുള്ള കുറിപ്പ് ചൊവ്വാഴ്ചയാണ് എംബസി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.
എംബസിയുടെ എക്സ് സന്ദേശം ഇങ്ങനെ-
“ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നിന്റെ ആസ്ഥാനമാണ് ഇന്ത്യ. ഇത് ഒരു അത്ഭുതകരമായ രാജ്യവും ഇന്തോ-പസഫിക് മേഖലയിൽ അമേരിക്കയ്ക്ക് ഒരു പ്രധാന തന്ത്രപരമായ പങ്കാളിയുമാണ്. പ്രധാനമന്ത്രി മോദിയിൽ ഞങ്ങൾക്ക് ഒരു മികച്ച സുഹൃത്തുണ്ട്” – പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്
അതേസമയം പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ കഴിഞ്ഞയാഴ്ച ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്താനും വ്യാപാര ബന്ധങ്ങളിൽ മുന്നേറ്റം നിലനിർത്താനുള്ള മാർഗങ്ങൾ കണ്ടെത്താനും ഫോണിലൂടെ സംഭാഷണം നടത്തിയതിനു പിന്നാലെയാണ് പുതിയ സന്ദേശമെത്തിയത്. ഒക്ടോബറിനു ശേഷം മോദിയും ട്രംപും തമ്മിൽ നടത്തുന്ന നേരിട്ടുള്ള ആദ്യ സംഭാഷണമായിരുന്നു ഇത്.
പ്രസിഡൻ്റ് ട്രംപുമായി വളരെ ഊഷ്മളവും മികച്ചതുമായ സംഭാഷണം നടത്തിയതായും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഇരുനോതാക്കളും വിലയിരുത്തുകയും പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതായും ലോക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി എക്സ് പോസ്റ്റിലൂടെ ട്രംപുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് കഴിഞ്ഞദിവസം പറഞ്ഞത്.
ഇതിനിടെ പുതിയ യുഎസ് ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്സറിൻ്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനവും നടന്നിരുന്നു. വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ ഉൾപ്പെടെയുള്ള മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി റിക്ക് സ്വിറ്റ്സർ കൂടിക്കാഴ്ച നടത്തി. മാസങ്ങളായി യുഎസ് തീരുവ നടപടികൾ കാരണം നിലനിന്നിരുന്ന പിരിമുറുക്കങ്ങൾക്ക് ശേഷം, ഇന്ത്യയും യുഎസും തമ്മിൽ ഒരു വ്യാപാര കരാറിനടുക്കുകയാണെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
“India is home to one of the world’s oldest civilizations. It is an amazing country and an important strategic partner for America in the Indo-Pacific region. We have a great friend in PM Modi” – President Donald J. Trump pic.twitter.com/lF3MWv10V6
— U.S. Embassy India (@USAndIndia) December 16, 2025

















































