വാഷിങ്ടൻ: അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിച്ചെന്ന അവകാശവാദം വീണ്ടുമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അവകാശവാദം ആവർത്തിച്ചത്. അന്നു നടന്ന ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ഏഴു വിമാനങ്ങൾ വീണെന്നു പറഞ്ഞ ട്രംപ് എന്നാൽ അത് ഏതു രാജ്യത്തിന്റേതെന്ന് വെളിപ്പെടുത്തിയില്ല.
‘ആണവരാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം വളരെ രൂക്ഷമാകാൻ സാധ്യതയുണ്ടായിരുന്നു. 200% തീരുവ ചുമത്തുമെന്നും യുഎസുമായുള്ള വ്യാപാരം നടക്കുമെന്നു മോഹിക്കേണ്ട എന്നും പറഞ്ഞപ്പോൾ ഇരുരാജ്യങ്ങളും യുദ്ധം നിർത്തി. തീരുവ ഭീഷണി മുഴക്കി 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും യുദ്ധം അവസാനിച്ചു’ – ട്രംപ് പറഞ്ഞു.