ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തിനശിച്ച് ഗൃഹനാഥനു ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുൻ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് അപകടത്തിൽ മരിച്ചത്. സംഭവസ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
രാവിലെ വീട്ടിൽനിന്ന് സാധനം വാങ്ങിക്കാനാണെന്നു പറഞ്ഞ് പുറത്തിറങ്ങിയതായിരുന്നു സിബിയെന്ന് വീട്ടുകാർ. അപകടം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആളൊഴിഞ്ഞ പറമ്പിൽ കാർ കത്തുന്നതു കണ്ട പ്രദേശവാസികൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാർ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്. കാർ കത്തിയിടത്തുനിന്ന് നാല് കിലോമീറ്റർ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്. അപകടകാരണം വ്യക്തമല്ല.