കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ (ജിപിഎസ്) നടന്ന അഞ്ചാമത് ജില്ലാതല ജിപിഎസ് സൂപ്പർ സ്ലാം കായികമേളയ്ക്ക് ആവേശകരമായ സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന ഫുട്ബോൾ, ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള പതിനഞ്ചോളം ടീമുകളാണ് കായിക പ്രതിഭ തെളിയിക്കാനായി അണിനിരന്നത്.
നാഷനൽ ബാസ്‌ക്കറ്റ്‌ബോൾ താരവും കസ്റ്റംസ് ടീം അംഗവുമായ എബിൻ സാബു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ദിലിപ് ജോർജ് അധ്യക്ഷത വഹിച്ചു.
കിരീടപ്പോരാട്ടങ്ങളിൽ ആവേശം അലതല്ലി. U-19 ഫുട്‌ബോൾ കിരീടം ഗ്ലോബൽ പബ്ലിക് സ്കൂൾ, തിരുവാണിയൂർ സ്വന്തമാക്കി. വാശിയേറിയ ഫൈനലിൽ ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറയെയാണ് ഗ്ലോബൽ പരാജയപ്പെടുത്തിയത്. ദി ചാർട്ടർ സ്കൂളാണ് രണ്ടാം റണ്ണറപ്പ് സ്ഥാനം നേടിയത്.
U-17 പെൺകുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോൾ കിരീടം രാജഗിരി ക്രിസ്തു ജയന്തി, കാക്കനാട് സ്വന്തമാക്കി. ദി ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ ഒന്നാം റണ്ണറപ്പും, ആതിഥേയരായ ഗ്ലോബൽ പബ്ലിക് സ്കൂൾ രണ്ടാം റണ്ണറപ്പുമായി.
U-17 ആൺകുട്ടികളുടെ വിഭാഗത്തിൽ ജെംസ് മോഡേൺ അക്കാദമി വിജയികളായി. ഭവൻസ്, ഗിരിനഗർ ഒന്നാം റണ്ണറപ്പും, നേവി ചിൽഡ്രൻസ് സ്കൂൾ രണ്ടാം റണ്ണറപ്പുമായി.
മത്സരങ്ങളിൽ വ്യക്തിഗത മികവ് പ്രകടിപ്പിച്ച താരങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകി. U-19 ഫുട്‌ബോളിലെ മികച്ച താരം അവാർഡ് സ്വന്തമാക്കിയത് ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ തന്നെ അദ്വൈദ് ജോസഫ് വിനു ആണ്. മികച്ച ഗോൾകീപ്പർ നേവി ചിൽഡ്രൻസ് സ്കൂളിലെ അനുപം ഭാരതി തിരഞ്ഞെടുക്കപ്പെട്ടു.
U-17 പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച താരം രാജഗിരി ക്രിസ്തു ജയന്തിയുടെ അന്ന മറിയമാണ്. ദി ചോയ്‌സ് സ്കൂളിലെ അനിക ജോർജ് മികച്ച വാഗ്ദാന താരമായി.
U-17 ആൺകുട്ടികളുടെ മികച്ച താരം ജെംസ് മോഡേൺ അക്കാദമിയുടെ നിവേദ് ആർ. കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. ഭവൻസ്, ഗിരിനഗറിലെ പ്രസീൻ ടി. ബിജുവാണ് മികച്ച വാഗ്ദാന താരം.
ആദ്യ ദിനത്തിൽ നടന്ന ബാസ്‌ക്കറ്റ്‌ബോൾ മത്സരത്തിൽ ഗ്ലോബൽ പബ്ലിക് സ്കൂൾ 23-7 എന്ന സ്‌കോറിന് സൻസ്ക്കാർ സ്കൂൾ കാക്കനാടിനെ തോൽപിച്ചു. ഫുട്‌ബോളിൽ എസ്.എൻ.ഡി.പി. സ്കൂൾ തൃപ്പൂണിത്തുറയെ 1-0 എന്ന സ്‌കോറിനാണ് ഗ്ലോബൽ പരാജയപ്പെടുത്തിയത്.