ന്യൂഡൽഹി: വിജയിയുടെ ടിവികെയുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കരൂരിൽ തിക്കിലും തിരക്കിലും 41 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐക്ക് വിട്ടത്. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം ജനങ്ങളുടെ അവകാശമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണം നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് വിദഗ്ധ സമിതിയുടെ മേൽനോട്ടവും കോടതി നിർദേശിച്ചത്. റിട്ട. ജഡ്ജി അജയ് രസ്തോഗിക്കൊപ്പം അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ഇതിൽ അംഗങ്ങളായിരിക്കുമെന്നും കോടതി വ്യക്തമാക്കി.