പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് നേരെ അധ്യാപകനെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് പറഞ്ഞതായി സ്‌കൂള്‍ അധികൃതര്‍. സംഭവത്തില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപകര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്ന് പ്രിന്‍സിപ്പല്‍ എം കെ അനില്‍ കുമാര്‍ പറഞ്ഞു.
ദൃശ്യം പകര്‍ത്തിയ അധ്യാപകര്‍ ഇത് രക്ഷിതാക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ല. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തോട് അധ്യാപകര്‍ പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയതതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞയായും അധ്യാപകന്‍ പറഞ്ഞു. രക്ഷിതാക്കള്‍ എന്തു പറയുമെന്ന ആശങ്ക ഉള്ളതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നാണ് വിദ്യാര്‍ഥിയുടെ വിശദീകരണം. സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും വ്യക്തമാക്കി. ഇതോടെ കുട്ടിക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്നും കുട്ടിക്ക് തുടര്‍ന്നും സ്‌കൂളില്‍ പഠിക്കാന്‍ സാധിച്ചേക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന നിര്‍ദേശം ലംഘിച്ചാണ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അധ്യാപകന്‍ പ്രധാന അധ്യാപകനെ ഏല്‍പ്പിച്ചു. മൊബൈല്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നില്‍ വിദ്യാര്‍ഥി കൊലവിളി നടത്തിയത്. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.