തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിട്ടതെന്നും വിശ്വാസവും വികസനവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. വിവിധ മതസമുദായ സംഘങ്ങളെ ക്ഷണിക്കും. രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കുന്നത് ആലോചിക്കും. ആചാര വിരുദ്ധമായ ഒന്നും അയ്യപ്പ സംഗമത്തിന്റെ ഭാഗമായി നടക്കില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള നീക്കത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് തന്നെ പ്രതികരണവുമായി രംഗത്തെത്തുന്നത്.
നേരത്തെ, ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി പ്രതികരിച്ചിരുന്നു. അയ്യപ്പ സംഗമം സർക്കാരിന്‍റെ ഇരട്ടത്താപ്പാണെന്നും ലക്ഷ്യം മറ്റൊന്നാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. സർക്കാർ ശബരിമല കയറിയ സ്ത്രീകളെ ചേർത്ത് നിർത്തിയില്ലെന്നും അവർ പറഞ്ഞു. ‘എന്‍റെ കേസുകളിൽ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്. സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസിൽ നിന്നും പ്രശ്നങ്ങളുണ്ടായി. ഞാൻ അപേക്ഷിച്ചതിനാൽ 2024 ൽ ദാക്ഷായണി വേലായുധൻ അവാർഡ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അനുവാദം നൽകിയില്ലെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.
അയപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ച് ബിന്ദു സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് അവഗണിച്ചെന്നാണ് ബിന്ദു പറയുന്നത്. ആഗോള അയ്യപ്പ ഭക്തരെ ഒരുമിച്ചെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം. സംഗമത്തില്‍ എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. സംഗമത്തില്‍ 3000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് വിവരം.