വൈക്കം: വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വേമ്പനാട്ടു കായലിൽ യാത്രാ വള്ളം മറിഞ്ഞു. 23 യാത്രക്കാർ ഇരുകരകളിലേക്കുമായി നീന്തിക്കയറി. ഒരാളെ കാണാനില്ല. കായലിൽ തിരച്ചിൽ തുടരുന്നു. ഇയാളെ കണ്ടെത്താൻ നേവിയുടെ സഹായം തേടും.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പാണാവള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. കാട്ടിക്കുന്നിൽ മരണ വീട്ടിൽ വന്ന് പാണാവള്ളിയിലേക്കു തിരിച്ചു പോകുകയായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. 23 പേർ വള്ളത്തിലുണ്ടായിരുന്നുവെന്നാണു വിവരം. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ രണ്ടു കരകളിലായി ആളുകളെ രക്ഷിച്ചുവെന്നാണു പൊലീസ് അറിയിച്ചത്. മുറിഞ്ഞപുഴയിൽ നിന്ന് പാണാവള്ളിയിലേക്ക് കായലിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട്. കായലിൽ കാറ്റിൽ നല്ല ഓളമടിച്ചിരുന്നു. ഇതോടെയാണ് വള്ളം മറിഞ്ഞത്. മറിഞ്ഞ ഉടനെ യാത്രക്കാർ കരകളിലേക്ക് നീന്തിക്കയറി.