ന്യൂഡൽഹി: ജമ്മുവിലെ നഗ്രോട്ടയിലെ സൈനിക യൂണിറ്റിന് നേരെ ഭീകരാക്രമണം നടന്നതായി സൂചന. സൈനിക വേഷത്തിലെത്തിയ ഒരു ഭീകരൻ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. വാർത്താ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് ആക്രമണത്തിൽ ഒരു ജവാന് പരുക്കേറ്റിട്ടുണ്ട്. വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണങ്ങളും അതിർത്തിയിൽ വ്യാപകമാകുന്നതിനിടെയാണ് ഈ പുതിയ സംഭവം.
നിയന്ത്രണരേഖയിൽ നിലവിൽ ഷെല്ലിങ് അവസാനിച്ചതായി സൂചന. നേരത്തെ ആർഎസ് പുരയിലും മറ്റ് അതിർത്തി മേഖലകളിലും വ്യാപകമായ ഷെല്ലിങ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ സ്ഥിതി ശാന്തമാണെന്നാണ് സൈന്യം നൽകുന്ന വിവരം.
ജമ്മു കശ്മീരിലും രാജസ്ഥാനിലും ഗുജറാത്തിലുമായി വിവിധയിടങ്ങളിൽ പാക് ഡ്രോണുകൾ എത്തുകയും ഷെല്ലിങ് നടത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
കശ്മീർ താഴ്‌വരയിലെ അനന്ത്നാഗ്, ബഡ്ഗാം, ശ്രീനഗർ എന്നിവിടങ്ങളിൽ പാക്കിസ്ഥാന്റെ കില്ലർ ഡ്രോണുകൾ എത്തിയതായി കണ്ടെത്തി. ജമ്മു ഉധംപൂരിൽ ഡ്രോൺ ആക്രമണശ്രമം നടന്നു. ആർഎസ് പുരയിൽ വ്യാപകമായ ഷെല്ലിങ്ങും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജമ്മുവിലും ശ്രീനഗറിലും ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. രാജസ്ഥാനിലെ ബാർമറിൽ ഡ്രോൺ സാന്നിധ്യം മൂലം അപായ സൈറൺ മുഴക്കുകയും നഗരത്തിൽ ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തുകയും ചെയ്തു.
On noticing suspicious movement near the perimeter, alert sentry at #Nagrota Military Station issued a challenge, leading to a brief exchange of fire with the suspect.
Sentry sustained a minor injury.
Search operations are underway to track the intruder(s)@adgpi…— White Knight Corps (@Whiteknight_IA) May 10, 2025
ഗുജറാത്തിലെ കച്ചിലും നിരവധി ഡ്രോണുകൾ എത്തിയതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌വി അറിയിച്ചു. ശ്രീനഗറിലെ ബദാമി ബാഗ് കൻ്റോൺമെൻ്റിന് സമീപം പാക് ഡ്രോൺ ആക്രമണം നടന്നു. ഖന്യാറിൽ ഒരു പാക് ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചു വീഴ്ത്തി. ദോഡയിൽ ബ്ലാക്ക്ഔട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.