കാസർകോട്: കടമ്പാറിൽ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തിൽ, അധ്യാപികയെ രണ്ടു യുവതികൾ ചേർന്നു മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ദൃശ്യങ്ങളിൽ മൂന്നു സ്ത്രീകൾ സംസാരിക്കുന്നതും ഇതിൽ ഒരാളെ രണ്ടുപേർ മാറി മാറി മർദിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. അതേസമയം മർദനമേൽക്കുന്നത് ആത്മഹത്യ ചെയ്ത അധ്യാപികയാണെന്നാണ് നാട്ടുകാർ പറയുന്നത്. കടമ്പാർ സ്കൂളിന് സമീപത്തെ ചെമ്പപദവിലെ പി.അജിത് കുമാർ (35), ഭാര്യ വോർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (28) എന്നിവരാണ് തിങ്കൾ വൈകിട്ട് വിഷം കഴിച്ചത്. ചൊവ്വ പുലർച്ചെ ഇവർ മരിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഇങ്ങനെ- ഒരു വീടിനു സമീപത്ത് റോഡരികിൽ സ്കൂട്ടർ നിർത്തിയിട്ട് മൂന്ന് സ്ത്രീകൾ സംസാരിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ സ്കൂട്ടറിൽ ഇരിക്കുകയാണ്. നീല ചുരിദാർ ധരിച്ച സ്ത്രീ, മഞ്ഞ സാരിയുടുത്ത സ്ത്രീയോടാണ് കയർത്തു സംസാരിക്കുകയും മർദിക്കുകയും ചെയ്യുന്നു ഇടയ്ക്ക് പിടിച്ചു തള്ളുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്യുന്നുണ്ട്. മഞ്ഞ സാരിയുടുത്ത സ്ത്രീ ശ്വേതയാണെന്നാണ് നാട്ടുകാർ പറയുന്നത്.
പിന്നാലെ നീല ചുരിദാർ ധരിച്ച സ്ത്രീ ഫോൺ വിളിക്കാനായി മാറിപ്പോയി. ഈ സമയം സ്കൂട്ടറിൽ ഇരിക്കുന്ന ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ ഇതേപോലെ അടുത്തുള്ള സ്ത്രീയോടു കയർത്തു സംസാരിക്കുകയും മർദിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ കുട്ടികൾ സമീപത്തുകൂടി നടന്നുപോകുന്നതും കാണാം. അതേസമയം മർദിച്ച സ്ത്രീയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ അയൽവാസിയാണ് ദമ്പതികളെ അവശനിലയിൽ കണ്ടെത്തിയത്. ശ്വേത വീട്ടുമുറ്റത്തെ പൈപ്പിൻ ചുവട്ടിലും അജിത് കുമാർ വീട്ടിനുള്ളിലുമായിരുന്നു. യുവതി വിഷം കഴിച്ചതിനു പിന്നാലെ വെള്ളം കുടിക്കാൻ പൈപ്പിൻ ചുവട്ടിൽ എത്തിയപ്പോൾ തളർന്നുവീണതാകാമെന്നാണ് കരുതുന്നത്.
മരിക്കുന്നതിനു മുൻപു ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഏകമകൻ യുവവിനെ തിങ്കളാഴ്ച അജിത് കുമാറിന്റെ സഹോദരി ബന്തിയോട്ടെ ശ്രുതിയുടെ വീട്ടിലാക്കിയിരുന്നു. അവിടെ നിന്നു തിരിച്ചെത്തിയാണ് ഇരുവരും വിഷം കഴിച്ചത്. പെയിന്റിങ് തൊഴിലാളിയാണ് അജിത് കുമാർ. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കൂടാതെ ശ്വേതയ്ക്ക് മർദനമേറ്റുവെന്നും നാട്ടുകാർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
അതേസമയം അജിത് കുമാറും ശ്വേതയും ചിലരിൽനിന്ന് പണവും സ്വർണവും വാങ്ങിയതിന്റെ വൻ ബാധ്യതയുണ്ടായിരുന്നെന്നും ഇത് തിരികെ ചോദിച്ച് പലരും വീട്ടിൽ വരാറുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് വീട്ടിലെത്തി നാട്ടുകാരുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് ഈയിടെ നിരന്തരം ഫോൺ വിളികളെത്തിയിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.