ദുബായ്: ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയോടേറ്റ തോൽവിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. രണ്ടു തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്മിത്ത്, ഏകദിന ഫോർമാറ്റിൽനിന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടീം തോറ്റെങ്കിലും, 73 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോററായത് സ്മിത്തായിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
‘‘വളരെ സന്തോഷകരമായ ഒരു യാത്രയായിരുന്നു ഇത്. അതിലെ ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചു. ഇതിനിടെ ഒട്ടേറെ സമ്മോഹനമായ നിമിഷങ്ങളും സുന്ദരമായ ഓർമകളുമുണ്ട്. ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന പ്രതിഭാധനരായ മികച്ച സഹതാരങ്ങൾക്കൊപ്പം രണ്ടു തവണ ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളിയാകാനും കഴിഞ്ഞു. ഇനി 2027ലെ ഏകദിന ലോകകപ്പിന് ഒരുങ്ങാനുള്ള സമയമാണ്. അതുകൊണ്ട് വഴിമാറിക്കൊടുക്കാനുള്ള കൃത്യമായ സമയം ഇതാണെന്നു കരുതുന്നു’ – സ്മിത്ത് പറഞ്ഞു.
‘‘ഇനിമുതൽ ടെസ്റ്റ് ക്രിക്കറ്റിനായിരിക്കും പ്രാമുഖ്യം നൽകുക. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുന്നു. ഇനി വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിനെതിരായ പരമ്പരയും വരാനുണ്ട്. ഈ ഘട്ടത്തിൽ ടീമിനായി ഇനിയും ഒട്ടേറെ സംഭാവനകൾ നൽകാനാകുമെന്ന് കരുതുന്നു’ – സ്മിത്ത് പറഞ്ഞു.
അതേസമയം പരുക്കുമൂലം നായകൻ പാറ്റ് കമിൻസ് ടൂർണമെന്റിൽനിന്ന് പിൻമാറിയതിനെ തുടർന്നാണ് മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന സ്റ്റീവ് സ്മിത്ത് ചാംപ്യൻസ് ട്രോഫിയിൽ ഓസീസിനെ നയിച്ചത്. 2015, 2023 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ടീമുകളിൽ സ്മിത്ത് അംഗമായിരുന്നു.
അതേസമയം, ടെസ്റ്റ് ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്ന് സ്മിത്ത് വ്യക്തമാക്കി. 2010 ഫെബ്രുവരി 19ന് വെസ്റ്റിൻഡീസിനെതിരെ മെൽബണിൽ നടന്ന മത്സരത്തോടെയാണ് ഏകദിന ക്രിക്കറ്റിൽ സ്മിത്തിന്റെ അരങ്ങേറ്റം. ഒന്നര പതിറ്റാണ്ടു പിന്നിട്ട കരിയറിൽ ഇന്ത്യയ്‌ക്കെതിരെ ദുബായിൽ ഇന്നലെ നടന്ന ചാംപ്യൻസ് ട്രോഫി സെമിഫൈനൽ താരത്തിന്റെ അവസാന മത്സരമായി.
ഓസീസിനായി 170 ഏകദിനങ്ങളിൽ കളിച്ച താരമാണ് മുപ്പത്തഞ്ചുകാരനായ സ്മിത്ത്. 43.28 ശരാശരിയിൽ 5800 റൺസും നേടി. 86.96 ആണ് സ്ട്രൈക്ക് റേറ്റ്. ഏകദിന കരിയറിൽ 12 സെഞ്ചറികളും 35 അർധസെഞ്ചറികളും നേടി. ഏകദിനത്തിലെ റൺവേട്ടക്കാരിൽ ഓസ്ട്രേലിയൻ
ന്യൂസീലൻഡിനെതിരെ 2016ൽ നേടിയ 164 റൺസാണ് ഏകദിനത്തിലെ താരത്തിന്റെ ഉയർന്ന സ്കോർ. ഓൾറൗണ്ടറെന്ന നിലയിൽ ടീമിൽ അരങ്ങേറിയ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. മികച്ച ഫീൽഡറായ സ്മിത്തിന്റെ പേരിൽ 90 ക്യാച്ചുകളുമുണ്ട്.