വാഷിങ്ടൺ: യുഎസിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇവർ പൗരത്വ രേഖകൾ നൽകിയാൽ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും, ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്, അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
‘ഇന്ത്യൻ പൗരന്മാർ, അമേരിക്കയിലോ മറ്റെവിടെയെങ്കിലോ ശരിയായ രേഖകളില്ലാതെ ഒരു രാജ്യത്ത് താമസിക്കുകയോ കാലവധി കഴിഞ്ഞ് തങ്ങുകയോ ചെയ്താൽ, അവരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കുകയാണെങ്കിൽ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും. എത്രയാളുകളെയാണ് ഇത്തരത്തിൽ തിരിച്ചുകൊണ്ടുവരികയെന്നതിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്’. രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റായുള്ള ട്രംപിൻറെ സ്ഥാനാരോഹണത്തിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ആരംഭിച്ചു കഴിഞ്ഞു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ വിവരമനുസരിച്ച് മൊത്തം 538 അറസ്റ്റുകൾ ഇതിനകം നടന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ട്രംപിന്റെ നിയമത്തിൽ വിറങ്ങലിച്ച് കുടിയേറ്റക്കാർ, മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റിലായത് 538 പേർ, നൂറുകണക്കിനാളുകളെ നാടുകടത്തിയത് സൈനിക വിമാനത്തിൽ, നടപടി കടുപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി മെക്സികോയിൽ അഭയാർഥിക്കൂടാരങ്ങൾ ഒരുങ്ങുന്നു