ശരിക്കും സുരേഷ് ഗോപിയുടെ കരിയർ ഗ്രാഫെടുത്തുനോക്കിയാൽ അതിന്റെ യാത്ര അദ്ദേഹത്തിന്റെ സിനിമാ ജീവിതം പോലെ തന്നെയെന്നു പറയാം…വളരെയധികം ഫീൽ ഗുഡ് ആയി പോകുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ രക്ത രൂക്ഷിതമായ ത്രില്ലർ സ്വഭാവം കൈവരുന്ന ഒട്ടനവധി സിനിമകൾ നാം കണ്ടിട്ടുണ്ട്. തൃശ്ശൂർ എംപി സുരേഷ് ഗോപിയുടെ കാര്യവും ഏതാണ്ട് ഇതിനു സമാനമാണ്.
എംപി ആയി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് സുരേഷ് ഗോപിയെ പറ്റിയുണ്ടായിരുന്ന ഇമേജ് മനുഷ്യസ്നേഹി, വിവരവും വിദ്യാഭ്യാസവും ഉള്ള സിനിമാതാരം എന്നൊക്കെയായിരുന്നു. എന്നാൽ തൃശ്ശൂരിന്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള സുരേഷ് ഗോപി മലയാളിക്ക് കേട്ടു പരിചയമുള്ള സുരേഷ് ഗോപി അല്ല. പരാതിയുമായി എത്തുന്ന പൊതുജനങ്ങളോട് ക്ഷുഭിതനാകുന്ന, പൊതുജനത്തെ പ്രജയായി കാണുന്ന, നിരന്തരം രാഷ്ട്രീയപരമായി വിഡ്ഢിത്തങ്ങൾ സംസാരിക്കുന്ന ഒരാളെയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അധികാരം ഒരു മനുഷ്യനെ ഇത്തരത്തിൽ പരിവർത്തനം ചെയ്തതാണോ അതോ അധികാരം കിട്ടാൻ വേണ്ടി സിനിമയിൽ എന്നതുപോലെ അയാൾ പൊതുമധ്യത്തിലും അഭിനയിക്കുകയായിരുന്നോ എന്നതാണ് ഇതെല്ലാം കാണുമ്പോൾ തോന്നിപ്പോകുന്നത്.
സുരേഷ് ഗോപിയുടെ ‘പൊതുജനം പ്രജകളാണ്’ എന്ന പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങളും വിമർശനങ്ങളും ഉയർന്നതിനുശേഷവും അതേ പരാമർശം നടത്തുകയാണ് സുരേഷ് ഗോപി. ‘ഇത് പ്രജാരാജ്യമാണ്, പ്രജകളാണ് ഇവിടെ രാജാക്കന്മാർ’ എന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി സംസാരിച്ചത്. തൃശ്ശൂരിന്റെ ബഹുമാനപ്പെട്ട ലോക്സഭ എംപിയോട് ഓർമ്മിപ്പിക്കാനുള്ള രാജഭരണം മൺമറഞ്ഞു പോയിട്ട് പതിറ്റാണ്ടുകൾ പലതായി എന്നതാണ്. ഇത് ജനാധിപത്യമാണ്. പ്രജകളും രാജാക്കന്മാരും അല്ല, ഇവിടെയുള്ളത് പൗരന്മാരും പൗര അവകാശവുമാണ്. നിവേദനവുമായി ഒരു വയോധികൻ മുന്നിലെത്തുമ്പോൾ അതൊന്നു വാങ്ങി വായിച്ചു നോക്കാൻ പോലും കൂട്ടാക്കാത്ത ഇത് എംപിയുടെ പണിയല്ല ഞ്ചായത്തിൽ പോയി പറയൂ എന്ന് സുരേഷ് ഗോപിയെ കൊണ്ട് പറയിക്കുന്നത് ഇപ്പോഴും അദ്ദേഹത്തിനുള്ള രാജഭരണ ഓർമ്മകളാണ്. പൗരന്മാരെ തനിക്ക് സമന്മാരായ മനുഷ്യനായി കാണുന്ന ജനാധിപത്യ ആശയം സുരേഷ് ഗോപിക്ക് ഇനിയും മനസ്സിലായിട്ടില്ല എന്നുവേണം കരുതാൻ.
സുരേഷ് ഗോപിയുടെ ഓരോ കലുങ്ക് സംവാദങ്ങളും ഓരോ പുതിയ വിവാദത്തിനുള്ള വേദിയായി മാറുകയാണ്. മുൻപ് തന്റെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പാത്രത്തിൽ ഉണ്ട് എന്ന പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും സുരേഷ് ഗോപിയുടെ കനിവിനായി കഞ്ഞി പാത്രം നീട്ടിയിരിക്കുന്നവരല്ല പൊതുജനങ്ങൾ എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലാത്ത ഭാഷയും രീതികളുമാണ് സുരേഷ് ഗോപിയിൽ നിന്നും നാം കാണുകയും കേൾക്കുകയും ചെയ്യുന്നതെന്നുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഈ വിമർശനങ്ങളിൽ നിന്ന് ഒരു പാഠവും സുരേഷ് ഗോപി പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം കലുങ്ക് സംവാദത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം. ‘നേരത്തെ ഞാൻ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞിപാത്രത്തിലാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞിപാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്നപാത്രം എന്ന് പറഞ്ഞത് ഇഷ്ടമാകുമോ എന്നറിയില്ല’ എന്നായിരുന്നു സുരേഷ് ഗോപി പ്രസംഗിച്ചത്.
കേവലം ഒരു സിനിമാതാരം അല്ല സുരേഷ് ഗോപി, തൃശ്ശൂരിന്റെ എംപിയാണ്, കേന്ദ്രമന്ത്രിയാണ്. അങ്ങനെ ഒരാളുടെ വായിൽ നിന്നാണ് നപുംസക പരാമർശങ്ങൾ ഉണ്ടാകുന്നത്. തനിക്കുനേരെ രാഷ്ട്രീയ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ നപുംസക പരാമർശങ്ങൾ നടത്തുന്ന സുരേഷ് ഗോപിയുടെ രാഷ്ട്രീയം വിമർശിക്കപ്പെടേണ്ടതാണ്. ഒരിക്കലും കേരളത്തിന് അംഗീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമല്ല സുരേഷ് ഗോപി സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഒരു രാഷ്ട്രീയ സംസ്കാരം സുരേഷ് ഗോപിക്ക് എവിടെ നിന്നാണ് ലഭിച്ചത് എന്ന് മനസ്സിലാകുന്നില്ല. മുൻകാലങ്ങളിൽ കേന്ദ്രമന്ത്രി എന്ന പദവി അലങ്കരിച്ച ഏതെങ്കിലും ഒരു നേതാവിൽ നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ നിരന്തരം കേരളം കേട്ടിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം എത്രയധികം വിവാദ പ്രവർത്തികളും പരാമർശങ്ങളുമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായിട്ടുള്ളത്.
സിനിമാതാരങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് സംബന്ധിച്ച വിഷയത്തിൽ ‘സ്വർണ്ണപ്പാളി വിവാദം മുക്കാൻ വേണ്ടിയാണോ സിനിമ രംഗത്തെ രണ്ടുപേരെ ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്’ എന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. പ്രജാവിവാദം സ്വർണ്ണ ചർച്ച മുക്കാൻ വേണ്ടിയാണ്, എല്ലാം കുൽസിതമാണെന്നും സുരേഷ് ഗോപി പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുരേഷ് ഗോപി ഇതിലൂടെ എന്താണ് കേരളത്തോട് സംവദിക്കാൻ ശ്രമിക്കുന്നത്? സ്വർണ്ണപ്പാളി വിവാദം ഉണ്ടായിട്ടുള്ളത് കേരളത്തിലാണ്, ആ പ്രതിഷേധത്തിൽ ശ്വാസം മുട്ടുന്നത് സംസ്ഥാന സർക്കാറിനുമാണ്. അതേസമയം സിനിമാതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. ഈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നത് കേന്ദ്ര അന്വേഷണം ഏജൻസിയാണ് താനും. അപ്പോൾ സംസ്ഥാന സർക്കാരിനെതിരെ വലിയ വിവാദങ്ങൾ കേരളത്തിൽ ഉയർന്നു വരുമ്പോൾ അതിൽ നിന്നും ശ്രദ്ധ വഴി തിരിച്ചുവിടാൻ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തുകയാണ് എങ്കിൽ അതിന്റെ അർത്ഥം സംസ്ഥാന കേന്ദ്ര സർക്കാറുകൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട് എന്ന് തന്നെയല്ലേ? അല്ലാത്തപക്ഷം എന്തിനാണ് സംസ്ഥാനസർക്കാർ പ്രതിസന്ധിയിൽ ആകുമ്പോൾ അതിൽ നിന്നും ശ്രദ്ധ വഴിമാറ്റനായുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി തന്നെ പറയുന്നത്. താരങ്ങൾക്ക് എതിരായ ഇ.ഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തിരിച്ചറിഞ്ഞതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സാധാരണയായി കേന്ദ്ര സർക്കാർ പ്രതിസന്ധിയിലാകുമ്പോഴാണ് ഇ.ഡി അന്വേഷണവുമായി ഇറങ്ങുന്നത്. എന്നാൽ ഇവിടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായപ്പോഴാണ് ഇ.ഡി അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നത്. ഒരു അവിശുദ്ധ രാഷ്ട്രീയ ബന്ധമുണ്ട്. അതുകൊണ്ടാണ് ഇ.ഡി ഇറങ്ങിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞാൽ അവിശ്വസിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് അതേക്കുറിച്ച് കൂടുതൽ അറിവുണ്ടാകുമെന്നായിരുന്നു ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ആഴ്ചയിൽ ഒരു വിവാദ പരാമർശമെങ്കിലും നടത്തണമെന്നതാണ് സുരേഷ് ഗോപിയുടെ സമീപനം എന്ന് തോന്നുന്നു. സുരേഷ് ഗോപിയുടെ കലുങ്ക് സംവാദങ്ങൾ വിവാദ സംവാദങ്ങളായി മാറുന്ന കാഴ്ചയാണ്. കേന്ദ്രമന്ത്രി എന്ന പദവി അലങ്കരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്ത പരാമർശങ്ങളും അഭിപ്രായങ്ങളുമാണ് സുരേഷ് ഗോപിയിൽ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത്തരം പരാമർശങ്ങളിൽ വിമർശനങ്ങൾ ഉയരുമ്പോൾ തന്റെ ഭാഗത്തുനിന്നുള്ള തെറ്റ് തിരുത്താനല്ല വിമർശിക്കുന്നവരെ അധിക്ഷേപിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ സഭയിൽ എത്തിക്കാനും അവർക്കുവേണ്ടി സംസാരിക്കാനും ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണ് സുരേഷ് ഗോപി. എന്നാൽ അദ്ദേഹം ജനങ്ങളെ പ്രജകളായി കാണുന്ന രാജഭരണകാലത്ത് തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം.
സിനിമാതാരങ്ങൾക്കെതിരായ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിലെ സുരേഷ് ഗോപിയുടെ പ്രതികരണം കേരളത്തോട് സംസാരിക്കുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞ അതേ കാര്യം തന്നെയാണ്. പതിവുപോലെ ആ പഴിയും മാധ്യമങ്ങളുടെ തലയിലിട്ട് ഒഴിഞ്ഞുമാറാൻ ഇവിടെ സുരേഷ് ഗോപിക്ക് കഴിയില്ല. കാണാനും കേൾക്കാനും ചിന്തിക്കാനും ശേഷിയുള്ള ഒരു ജനത താങ്കളുടെ പ്രവർത്തികളെ വിലയിരുത്തുന്നുണ്ടെന്ന് ബഹുമാനപ്പെട്ട സുരേഷ് ഗോപി ഇടയ്ക്കൊക്കെ ഓർക്കുന്നത് നന്നായിരിക്കും