കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷ് എംഎൽഎയ്ക്കു പിന്നാലെ നടൻ മണിയൻപിള്ള രാജുവിനെതിരേയും കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. കേസിൽ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടി ആരോപിച്ച കേസിൽ നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നടനും എംഎൽഎയുമായ മുകേഷിനെതിരേ ഡിജിറ്റൽ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കോടതി തീരുമാനം വരട്ടെ എന്നിട്ട് മതി രാജി… മുകേഷിനെതിരായ കേസിൽ നിലപാടറിയിച്ച് എംവി ഗോവിന്ദൻ
നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവരുടെപേരിൽ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ മണിയൻപിള്ള രാജു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ വിച്ചു, നോബിൾ എന്നിവരുടെ പേരിലുമാണ് കേസെടുത്തിരുന്നത്.
മരടിലെ വില്ലയിൽ വച്ച് നടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എംഎൽഎയ്ക്കെതിരായി നൽകിയ പരാതി. മുകേഷിനെതിരായി ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയിൽ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.