മകൾ ടോയ്‌ലറ്റ് ക്ലീനർ സ്വയം കൈകളിൽ ഒഴിച്ചു!! വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം അച്ഛനും മകളും ചേർന്ന് നടത്തിയ നാടകം!! യുവാവിനെ മനപൂർവം കുടുക്കാനുള്ള ശ്രമം, പിന്നിൽ പെൺകുട്ടിയുടെ പിതാവിനെതിരെ നൽകിയ പീഡന പരാതി
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ വൻ ട്വിസ്റ്റ്. മകൾ ടോയ്‌ലറ്റ് ക്ലീനർ സ്വയം കൈകളിൽ ഒഴിച്ചതായി ഇരയുടെ പിതാവ്. സംഭവത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കേസിൽപ്പെടുത്താൻ വേണ്ടി നാടകമായിരുന്നു ആസിഡ് ആക്രമണമെന്നാണ് പിതാവിന്റെ മൊഴി. ഇതോടെ പെൺകുട്ടിക്കെതിരെയും പോലീസ് കേസെടുക്കും. ഇരുവരെയും അറസ്റ്റ് ചെയ്യാനും സാധ്യത. കഴിഞ്ഞ ദിവസമാണ് കോളേജിലേക്ക് പോകുംവഴി രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിക്കു നേരെ ആസിഡ് ആക്രമണമുണ്ടായതായി കാണിച്ചു കുടുംബം പരാതി നൽകിയത്.
ഇതിനിടെ ഒളിവിൽ പോയ ഇരയുടെ പിതാവ് അഖീൽ ഖാനെ ഡൽഹി പോലീസ് പിടികൂടുകയായിരുന്നു, മൂന്ന് പുരുഷന്മാരെ കുടുക്കാൻ ആസിഡ് ആക്രമണ കഥ കെട്ടിച്ചമച്ചതായി സമ്മതിച്ചു. ജിതേന്ദ്ര, ഇഷാൻ, അർമാൻ എന്നിവരെ വ്യാജമായി കേസിൽ കുടുക്കാൻ തന്റെ മകളുമായി ചേർന്ന് വ്യാജ ആസിഡ് ആക്രമണം ആസൂത്രണം ചെയ്തതായി സമ്മതിച്ചു. മൂന്ന് പുരുഷന്മാരോടും അദ്ദേഹത്തിന് വ്യക്തിപരമായ വിദ്വേഷം ഉണ്ടായിരുന്നു. മകളുടെ കൈകളിൽ പൊള്ളലേറ്റത് ഒരു ആസിഡല്ല, മറിച്ച് ഒരു ടോയ്‌ലറ്റ് ക്ലീനറിൽ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വീട്ടിൽ നിന്ന് ടോയ്‌ലറ്റ് ക്ലീനർ കൊണ്ടുവന്ന് മകൾ അത് അവളുടെ കൈകളിൽ ഒഴിച്ചതായും ഖാൻ പറഞ്ഞു.
അതേസമയം ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെതിരെ കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പീഡന പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനിയുടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് യുവതി പോലീസിനെ സമീപിച്ചത്. കൂടാതെ ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നാണ് ആരോപണം.
ലഷ്മിഭായ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണമുണ്ടായതായാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. വിദ്യാർത്ഥിയുടെ രണ്ട് കൈകൾക്കും ഗുരുതരമായി പൊളളലേറ്റെന്നും സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചെന്നും വാർത്തയുണ്ടായിരുന്നു. ജിതേന്ദർ, ഇഷാൻ, അർമാൻ എന്നിവരാണ് പ്രതികളായി പരാതിയിൽ പറയുന്നത്. അർമാനാണ് യുവതിക്കുനേരെ ആസിഡ് കുപ്പി എറിഞ്ഞതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ജിതേന്ദ്ര തന്നെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നെന്നും ഒരുമാസം മുൻപ് അതിന്റെ പേരിൽ ഇയാളുമായി തർക്കമുണ്ടായിരുന്നെന്നും ആസിഡ് ആക്രമണത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഇതിൽ ജിതേന്ദ്രയുടെ ഭാര്യയാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പരാതി നൽകിയത്.
















































