കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു മുൻപു കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്നും ഭർത്താവ് പണം തരാത്തതിനാലാണു തിരിച്ചടവ് മുടങ്ങിയതെന്നുമാണ് ഷൈനി ഫോണിൽ പറയുന്നത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും തന്‍റെ ആവശ്യത്തിന് എടുത്തതാണെങ്കിൽ ആങ്ങളമാര്‍ അടച്ചുതീര്‍ക്കുമായിരുന്നുവെന്നും ഷൈനി പറയുന്നുണ്ട്.
സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസിൽ തീരുമാനമായ ശേഷമേ നോബി പണം തരൂവെന്നുമാണ് ഷൈനി കുടുംബശ്രീ പ്രസിഡന്റിനോട് പറയുന്നത്. തന്‍റെ പേരിലെടുത്ത ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്ന് ഷൈനി ഫോണ്‍ സംഭാഷണത്തിൽ പറയുന്നുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് മധ്യസ്ഥത വഹിച്ചിരുന്നു. ഷൈനി ഇനി 1,26000 രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കുന്നത്.
ഷൈനിയും മക്കളും ട്രെയിനിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം ഷൈനിയുടെ അച്ഛനും അമ്മയും ആദ്യഘട്ടത്തിൽ നൽകിയ മൊഴികൾ പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. സ്വന്തം വീട്ടിൽ നിന്നും ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഷൈനിയുടെ അച്ഛൻ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തും.
കഴിഞ്ഞ ഫെബ്രുവരി 28ന് പുലർച്ചെ 4.44നാണ് ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. വീടിന് എതിർവശമുള്ള റോഡിലൂടെയാണ് റെയിൽവേ ട്രാക്കിലേക്കെത്തിയത്. ഇളയമകൾ ഇവാനയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം നോബി ലൂക്കോസ്, ഷൈനിയെ ഫോണിൽ വിളിച്ചിരുന്നു.
മദ്യലഹരിയിൽ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നൽകില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്‌പയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി. ഇക്കാര്യങ്ങളെല്ലാം നോബി പോലീസിൻറെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അതേസമയം നോബി ഷൈനിയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് ഷൈനിയുടെ മാതപിതാക്കളുടേയും ഷൈനി ജോലി ചെയ്തിരുന്ന ഹോംസ്റ്റേ ഉടമയുടേയും വെളിപ്പെടുത്തൽ. ഷൈനിയുടെ ഭർതൃ സഹോദരമായ വൈദീകനെതിരേയും ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്.
Shiny Ettumanoor Tragedy: Shiny’s conversation with the kudumbasree unit president about loan debt
Kerala News Kottayam News Kottayam