കൊച്ചി: സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി വിൻ സിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന പ്രതികരണവുമായി ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നടിയുടെ പരാതിയെക്കുറിച്ച് ഷൈൻ പ്രതികരിച്ചത്. ‘വിൻ സിക്ക് തന്നോടുള്ള ഈഗോയുടെ പുറത്ത് വന്ന പരാതിയാണിത്.
അവർ കുടുംബസുഹൃത്താണ്. അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ല. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ, നിർമാതാവോ ശരിവയ്ക്കില്ല. ആവശ്യമെങ്കിൽ അവരെ വിളിച്ചു ചോദിക്കാം. സിനിമയുടെ സെറ്റിൽവച്ച് രാസലഹരി ഉപയോഗിച്ചിട്ടില്ല’– ഷൈൻ ടോം ചാക്കോ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം, തങ്ങളുടെ സിനിമയെ വെറുതെവിടണമെന്ന് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ വിൻ സിയെ അഭിനന്ദിക്കുന്നുവെന്നും എന്നാൽ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും സിനിമയുടെ നിർമാതാവ് ശ്രീകാന്ത് കണ്ടർഗുള പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് നടി നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും എഴുതി തയാറാക്കിയ പ്രതികരണത്തിൽ ശ്രീകാന്ത് പറഞ്ഞു.
‘സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചിട്ടില്ല. ഈ വിഷയം അന്വേഷിക്കുന്നതിനായി ഐസിസി, ഫിലിം ചേംബർ എന്നിവ ഉൾപ്പെട്ട യോഗം 21ന് ചേരുന്നുണ്ട്. ഒന്നോ രണ്ടോ പേരെ മാത്രം ബാധിക്കുന്ന കാര്യമല്ല ഇത്. ഇതുപോലെ ഗുരുതരമായ സംഭവങ്ങൾ സെറ്റിൽ നേരിടേണ്ടി വന്ന മറ്റുള്ളവരുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മുന്നൂറിലെപ്പേർ ചേർന്ന് പൂർത്തിയാക്കിയ ചിത്രമാണ് സൂത്രവാക്യം. ചിത്രത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നത് ദൗർഭാഗ്യകരമാണ്. സമൂഹമാധ്യമങ്ങളിൽ ചിലർ ഇതൊരു മാർക്കറ്റിങ് തന്ത്രമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ സദ്ബുദ്ധിയുള്ളവർ ഇതിനെ മാർക്കറ്റിങ് തന്ത്രമായി കാണില്ലെന്നേ ഇപ്പോൾ പറയാനുള്ളൂ. സാമ്പത്തികമായും വൈകാരികമായും ഈ സംഭവം ഞങ്ങളെ ബാധിച്ചിരിക്കുകയാണ്. സിനിമ ഇനി എന്താകുമെന്നറിയില്ല. സിനിമയെ കൊല്ലരുത്’– ശ്രീകാന്ത് പറഞ്ഞു.