മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽപ്പെട്ട ബോളിവുഡ് നടി ശിൽപ ഷെട്ടിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി. കൊളംബോയിൽ നടക്കുന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുക്കാനാണു നടി യാത്രാനുമതിക്കായി കോടതിയെ സമീപിച്ചത്. എന്നാൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 60 കോടി രൂപ തിരികെ നൽകിയതിനുശേഷം യാത്രാ അനുമതി സംബന്ധിച്ചുള്ള കാര്യം പരിഗണിക്കാം എന്നാണു കോടതി വാക്കാൽ പറഞ്ഞു.
60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്ന് വിദേശ യാത്ര നടത്തണമെങ്കിൽ അനുവാദം ആവശ്യമായ സാഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. കേസ് ഒക്ടോബർ 14 ന് വീണ്ടും പരിഗണിക്കും.
ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ- നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടി– രാജ് കുന്ദ്ര ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽനിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസിൽ നടിയെ തിങ്കളാഴ്ച മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു
അതേസമയം ഒക്ടോബർ 25 മുതൽ 29 വരെ കൊളംബോയിൽ നടക്കുന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുക്കാനാണ് ശിൽപ ഷെട്ടി യാത്രാനുമതി തേടിയത്. പരിപാടിയുടെ ഔദ്യോഗിക ക്ഷണം എവിടെയെന്ന് കോടതി ചോദിച്ചപ്പോൾ, ഫോണിലൂടെ മാത്രമാണു പരിപാടിയുടെ കാര്യങ്ങൾ സംസാരിച്ചതെന്നും, യാത്രാനുമതി ലഭിച്ചതിനു ശേഷമേ ഔദ്യോഗിക ക്ഷണം ലഭിക്കുകയുള്ളൂവെന്നും നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ്, 60 കോടി രൂപ തിരികെ നൽകിയതിനു ശേഷം യാത്രാനുമതി പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്.
.