കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻബന്ധമുണ്ടെന്നതിന്റെ തെളിവ് പുറത്ത്. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണം ചെയ്തതിൽ പ്രധാനിയായ കുട്ടിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നു. മാത്രമല്ല ഇയാളുടെ വീട്ടിൽനിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്കും പോലീസ് കണ്ടെടുത്തത്.
ഇതോടെ കുട്ടിയുടെ പിതാവ് തന്നെയാകാം ആയുധം കുട്ടിയുടെ കൈവശം കൊടുത്തുവിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. മാത്രമല്ല താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ പരിസരത്ത് വിദ്യാർഥികൾ ഏറ്റുമുട്ടിയ സമയത്ത് ഇയാൾ സംഭവസ്ഥലത്തുണ്ടായിരുന്നതായും സംശയമുണ്ട്. ആക്രമണം നടക്കുന്നസമയത്ത് മുഖ്യപ്രതിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവും ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല ഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുമോയെന്ന ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ പിതാവും നേരത്തെ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയുടെ പിതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നത്. കൂടാതെ ഇയാൾ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വിവരമുണ്ട്.
എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസി(15)നെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികൾക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടർന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങൾ നടന്നത്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളും എളേറ്റിൽ സ്‌കൂൾ വിദ്യാർഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർഥിയായിരുന്നില്ലെങ്കിലും എളേറ്റിൽ സ്‌കൂളിലെ സഹപാഠികൾക്കൊപ്പം ഷഹബാസും വിഷയത്തിൽ ഇടപെടുകയായിരുന്നു. ഈ സംഘർഷത്തിലാണ് ഷഹബാസിന് ഗുരുതര പരുക്കേറ്റത്.
തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് ഷഹബാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഐസിയുവിൽ പ്രവേശിപ്പിച്ച ഷഹബാസിന് വെള്ളിയാഴ്ച രണ്ടുവട്ടം ഹൃദയാഘാതമുണ്ടായി. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയ ഷഹബാസ് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചു. തലയ്‌ക്കേറ്റ പരുക്കായിരുന്നു മരണകാരണം. മർദനമേറ്റ് ഷഹബാസിൻ്റെ തലയോട്ടി തകർന്നനിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.