കോഴിക്കോട്: മുക്കത്ത് പീഡന ശ്രമത്തിനിടെ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്ന് ചാടി പരുക്കേറ്റ സംഭവത്തിലെ മുഖ്യപ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെ പോലീസ് പിടികൂടിയത് എറണാകുളത്തേക്കുള്ള ബസിൽനിന്ന്. പോലീസിനെ കബളപ്പിച്ച് കാർ ഉപേക്ഷിച്ച് രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു പ്രതി. എന്നാൽ ബസ് കുന്ദംകുളത്തെത്തിയപ്പോൾ മുക്കം പോലീസ് ദേവദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിന് മുമ്പ് കണ്ടക്ടറെ വിളിച്ച് ദേവദാസ് ബസിലുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു.
പോലീസിനെ കബളിപ്പിക്കാൻ ദേവദാസ് കാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചിരുന്നുവെന്നും താമരസേരി ഡിവൈഎസ്പി എപി ചന്ദ്രൻ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി. അന്വേഷണത്തിൽ പാളിച്ച സംഭവിച്ചിട്ടില്ല. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ദേവദാസും കൂട്ടുപ്രതികളായ റിയാസും സുരേഷും ശനിയാഴ്ച്ച രാത്രി ഇരയുടെ താമസസ്ഥലത്ത് പോയതിന് ഡിജിറ്റൽ തെളിവുകളുണ്ട്. കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അതേ സമയം അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.