കാസർകോട് ∙ വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനി ഗർഭിണിയാണെന്നു പരിശോധനയിൽ തെളിഞ്ഞു. സീനിയർ വിദ്യാർഥിയായ പത്തൊൻപതുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
ഹോസ്റ്റലിൽ താമസിച്ച് പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്. ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോൾ ഗർഭിണിയാണെന്ന് വ്യക്തമായി. ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം അമ്പലത്തറ പൊലീസിൽ പരാതി നൽകി.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ പത്തൊൻപതുകാരനെതിരെയാണ് പോക്സോ പ്രകാരം കേസെടുത്തത്. യുവാവ് നിലവിൽ എറണാകുളത്താണെന്നാണ് വിവരം. പീഡനം നടന്നത് കാസർകോട് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേയ്ക്ക് കൈമാറി.

















































