കൊൽക്കത്ത: പശ്ചിമബംഗാളിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബിർഭൂമിലെ കാളിഡംഗ ഗ്രാമത്തിന് സമീപമുള്ള വെള്ളക്കെട്ടിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ അധ്യാപകനായ മനോജ് കുമാർ പാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
20 ദിവസമായി പെൺകുട്ടിയെ കാണാനുണ്ടായിരുന്നില്ല. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാംപുർഹട്ട് നിവാസിയായ പെൺകുട്ടി ശ്യാംപഹാരിയിലെ ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 28-ന് ട്യൂഷന് പോയ പെൺകുട്ടി തിരികെ വരാതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. അധ്യാപകൻ്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കുട്ടി മുൻപ് അമ്മയോട് പറഞ്ഞിരുന്നു. മകളെ കാണാതായപ്പോൾ അമ്മ ഈ വിവരം പോലീസിനെ അറിയിച്ചു.
സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിച്ച പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീണ്ട ചോദ്യംചെയ്യലിനൊടുവിൽ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും മൃതദേഹം ഉപേക്ഷിച്ചെന്നും ഇയാൾ കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും ബലാത്സംഗത്തിന് ഇതുവരെ കേസെടുത്തിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. എന്തിനാണ് അധ്യാപകൻ വിദ്യാർഥിനിയെ കൊലപ്പെടുത്തിയത് എന്നും, മരണത്തിന് മുമ്പ് എന്തെങ്കിലും ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.