മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരായ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ അധിക്ഷേപ പരാമർശത്തെ പരിഹസിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇയാളൊക്കെ മൂക്ക് കൊണ്ട് ക്ഷ വരയ്ക്കുന്ന കാലം അടുത്തുവരുന്നുവെന്നാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്
പോസ്റ്റ് ഇങ്ങനെ-
മരുമകളെ നിലയ്ക്കു നിർത്താൻ അമ്മായിയമ്മക്കോ അമ്മായിയമ്മയെ നിലയ്ക്കു നിർത്താൻ മരുമകൾക്കോ കഴിയാത്ത കാലത്തേക്ക് കേരളത്തിലെ സാധാരണ സ്ത്രീകൾ വരെ വളർന്ന കാലത്താണ് സുപ്രിയാ മേനോനെ പോലെ ഒരു സ്ത്രീയെ നിലക്ക് നിർത്താൻ മല്ലികാസുകുമാരനെ പോലെയുള്ള സ്ത്രീയോട് ആക്രോശിക്കുന്നത്.
പെണ്ണുങ്ങൾ ഇക്കാലം കൊണ്ടു ചാടിക്കടന്ന ഹഡിൽസ് ഒന്ന് ഓർക്കുക. ഇപ്പുറത്തോ ഒരിഞ്ചുപോലും മുന്നോട്ടു ചാടാനാകാതെ നിന്നേടത്തു നിന്ന് ‘കദംതാൽ ‘ ചവിട്ടുന്നവരുടെ പരേഡും. ഇയാളൊക്കെ മൂക്കു കൊണ്ട് ക്ഷ ണ്ണ ട്ട ട്ട ട്ഢ ടഢ ടഢ എണ്ണുന്ന ആ കാലം അടുത്തടുത്ത് വരുന്നത് കണ്ട് ആനന്ദതുന്ദിലയാകുകയാണ് ഞാൻ. ശാരദകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
മല്ലിക സുകുമാരൻ മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷത്തിലും എതിർക്കുകയാണെന്നും സുപ്രിയ മേനോൻ അർബൻ നക്സലാണെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. ‘മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് ‘തരത്തിൽ കളിക്കടാ എന്റെ ഭർത്താവിനോട് വേണ്ട’യെന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്.’ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ കമന്റ്.