മുംബൈ: കഴിഞ്ഞ കുറച്ചുനാളുകളായി അടുത്ത സീസണിൽ മലയാളി താരം സഞ്ജു സാംസൺ ആർക്കൊപ്പമെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട്. ചെന്നൈയ്ക്കൊപ്പമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ അതിനു വ്യക്തത വന്നിരിക്കുകയാണ്. ഐപിഎൽ താരലേലത്തിനു മുൻപേ രാജസ്ഥാൻ റോയൽസിൽനിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തി. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് താരം സാം കറനും ചെന്നൈയിൽനിന്ന് രാജസ്ഥാൻ റോയൽസിലുമെത്തി. സഞ്ജു – ജഡേജ കൈമാറ്റക്കരാർ യഥാർഥ്യമായതായി ഇന്നലെ രാത്രി ക്രിക്കറ്റ് വെബ്പോർട്ടലായ ക്രിക് ഇൻഫോയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
താരക്കൈമാറ്റത്തിൽ ചെന്നൈയും രാജസ്ഥാനും തമ്മിൽ ധാരണയായതു നേരത്തേ ക്രിക് ഇൻഫോയിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വൈകിയത് ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ ടീമിൽ നിലനിർത്തിയത്. ഇത്തവണ ചെന്നൈയിലേക്കു വരുമ്പോൾ സഞ്ജുവിനു ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ല. ഋതുരാജ് ഗെയ്ക്‌വാദിൽനിന്ന് കഴിഞ്ഞ സീസണിന്റെ പാതിക്കാലത്തു ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത എം.എസ്.ധോണി തന്നെ ഇത്തവണയും ടീമിനെ നയിക്കുമെന്നാണു വിവരം. എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്തു സഞ്ജു തന്നെയായിരിക്കുമെന്നും സൂചനകളുണ്ട്.
2012ൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു 2013ലാണ് രാജസ്ഥാനിലെത്തിയത്. പിന്നീട് 2 സീസണുകളിൽ ഡൽഹി ഡെയർ ഡെവിൾസ് താരമായിരുന്ന സഞ്ജു, 2018ൽ വീണ്ടും രാജസ്ഥാനിലെത്തി. 2021ൽ ക്യാപ്റ്റനായി. അതേസമയം, 2022 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഇടയ്ക്കു വച്ച് ധോണിക്കു തിരികെ നൽകേണ്ടി വന്ന ജഡേജ രാജസ്ഥാനിലേക്കു ക്യാപ്റ്റന്റെ റോളിലാണു പോകുന്നതെന്നാണ് വിവരം. ക്യാപ്റ്റൻസി നൽകിയാൽ രാജസ്ഥാനിലേക്കു വരാമെന്നതായിരുന്നു ജഡേജയുടെ നിലപാട്. ഇത് അംഗീകരിച്ച രാജസ്ഥാൻ മറ്റൊരു ഓൾറൗണ്ടറെക്കൂടി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ഇംഗ്ലണ്ട് താരം സാം കറനു നറുക്കുവീണു.















































