തൊടുപുഴ:അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമാണം നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപികരിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫിസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫിസർ, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ദേശീയപാത അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാലു ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.
മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് ഉച്ചയോടെ മൃതദേഹം കുടുംബ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു സംസ്കാരം. ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് ബിജുവിന്റെ ഭാര്യ സന്ധ്യ. സന്ധ്യയുടെ രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ നിരീക്ഷണവും ചികിത്സയും നൽകുന്നുണ്ട്. ഭർത്താവ് മരിച്ച വിവരം സന്ധ്യ അറിഞ്ഞിട്ടില്ല.
ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിങ് കോളജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിങ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മന്ത്രി വീണാ ജോര്‍ജ് കോളജിന്റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിക്കുകയായിരുന്നു.














































