മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയിൽ നിന്ന് തനിക്ക് തുടർച്ചയായി ലഭിക്കുന്ന ഭീഷണികളിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. തന്റെ ജീവിതം ദൈവത്തിന്റെ കൈകളിലാണ്, എന്താണോ ദൈവം എഴുതി വച്ചത് അത് സംഭവിക്കുമെന്നായിരുന്നു നടന്റെ പ്രതികരണം. നടന്റെ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താൻ നേരിട്ട ഭീഷണികളെ കുറിച്ചും തന്റെ സുരക്ഷ വർധിപ്പിച്ചതിനെ കുറിച്ചും സൽമാൻ ഖാൻ മനസ്സു തുറന്നത്.
മുംബൈയിലെ അപ്പാർട്മെന്റിന് സമീപമുണ്ടായ വെടിവയ്പ്പിനും ഭീഷണിക്കും പിന്നാലെ സുരക്ഷാ സംവിധാനം ഒരുക്കിയത് വലിയ വെല്ലുവിളിയായെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ‘‘എല്ലാം ദൈവത്തിന്റെ കൈകളിലാണ്. എന്താണോ ദൈവം എഴുതി വച്ചത് അത് സംഭവിക്കും. അത്രമാത്രം. ചില സമയങ്ങളിൽ എനിക്ക് വലിയ സുരക്ഷാ സന്നാഹങ്ങളോടൊപ്പം യാത്ര ചെയ്യേണ്ടി വരാറുണ്ട്. അത് പലപ്പോഴും വലിയ പ്രശ്നമായി തോന്നിയിട്ടുണ്ട്’’– സൽമാൻ ഖാൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബൈക്കിലെത്തിയ രണ്ടുപേർ സൽമാൻ ഖാൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിലേക്ക് വെടിയുതിർത്തത്. നടനെ ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു വെടിവയ്‍പ്പെന്നും ലോറൻസ് ബിഷ്‌ണോയിയുടെ നിർദേശപ്രകാരമായിരുന്നു വെടിവയ്പ്പ് നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം ബിഷ്ണോയിയുടെ പകയ്ക്കു പിന്നിൽ സമുദായം വിശുദ്ധമായി കാണുന്ന കൃഷ്ണമൃഗത്തെ 1998 ൽ സൽമാൻ ഖാൻ വേട്ടയാടിയതാണ്. മാപ്പ് പറഞ്ഞില്ലെങ്കിൽ നടനെ വധിക്കുമെന്ന് മുന്നറിയിപ്പു നൽകിയ ഇവരുടെ ഭീഷണിയുടെ നിഴലിലാണ് 2018 മുതൽ സൽമാൻ. കഴിഞ്ഞ ഏപ്രിൽ 14ന് സൽമാന്റെ വീടിനു നേരെ വെടിവയ്പുണ്ടായി. കേസിൽ ബിഷ്ണോയ് സംഘത്തിനെതിരെ കുറ്റപത്രം നൽകിയതിനു പിന്നാലെയാണ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്.