തിരുവനന്തപുരം: വിവാദ പരാമർശത്തിൽ പുതിയ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞ വാക്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങൾ കൊടുത്തതെന്ന് മന്ത്രി കുറ്റപ്പെടുത്തി. താൻ ബിജെപി ജയിപ്പിച്ച ആളിന്റെയും മുസ്ലീം ലീഗ് ജയിപ്പിച്ച ആളിന്റെയും പേരുനോക്കാനേ റഞ്ഞുള്ളു. അല്ലാതെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനെപ്പറ്റിയല്ല പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അതുപോലെ താനൊരു മതേതരവാദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ആർഎസ്എസ് ഉയർത്തുന്ന വർഗീയതയെ ചെറുക്കാൻ മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചേ മതിയാകു. ഇന്ന് കേരളത്തിൽ നമ്മൾ അത് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചതിൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരാൾ പോലുമില്ല. ഇത് രാജ്യം കണ്ടുകൊണ്ടിരിക്കുന്ന അപകടമാണ്. രാജ്യത്തെ 22 ശതമാനം വരുന്ന ജനവിഭാഗങ്ങളിൽ ഒരാളെപ്പോലും ബിജെപിയുടെ പേരിൽ പാർലമെന്റിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന അപകടകരമായ അവസ്ഥയുണ്ട്. ഇത് കേരളത്തിൽ വരാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അതുപോലെ ആർഎസ്എസ് ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് തടയാൻ കഴിയില്ല. കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ അതിന് സാധിക്കു. കേരളത്തിലെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയമാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ആ രാഷ്ട്രീയത്തെയാണ് ഞാൻ എതിർത്തത്. ആർഎസ്എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയെ വളർത്താൻ കഴിയുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് കാസർകോട് മുനിസിപ്പാലിറ്റിയെന്നും മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
കാസർകോട് മുൻസിപ്പാലിറ്റിയിൽ ജയിച്ചവരുടെ പേരുനോക്കാൻ പറഞ്ഞാൽ അതൊരു പ്രത്യേക മതവിഭാഗത്തെ നോക്കാൻ പറഞ്ഞുവെന്നല്ല അതിനർഥം. 39 സീറ്റാണ് കാസർകോട് മുൻസിപ്പാലിറ്റിയിലുള്ളത്. മതേതരത്വം പറഞ്ഞ ഞങ്ങളുടെ പാർട്ടിക്ക് കിട്ടിയത് ഒരു സീറ്റാണ്. മതേതരത്വം പറഞ്ഞ കോൺഗ്രസിന് കിട്ടിയത് രണ്ടുസീറ്റ്. അവിടെ വർഗീയത പറഞ്ഞ ബിജെപിക്ക് ഹിന്ദുമേഖലകളിൽ 12 സീറ്റുകൾ കിട്ടി. മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ലീഗിന് 22 സീറ്റ് കിട്ടി. ഈ പറഞ്ഞ ബിജെപി ജയിപ്പിച്ച ആളിന്റെയും മുസ്ലീം ലീഗ് ജയിപ്പിച്ച ആളിന്റെയും പേരുനോക്കാനേ ഞാൻ പറഞ്ഞുള്ളു. അല്ലാതെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനെപ്പറ്റിയല്ല ഞാൻ പറഞ്ഞത്.
ഇതുപോലൊരു സാഹചര്യം കേരളത്തിൽ ഒരിടത്തും വരാൻ പാടില്ല എന്നുള്ളതുകൊണ്ടാണ് കാസർകോട്ടെ കാര്യം ഉന്നയിച്ചത്. ഈ അപകടം ഭാവിയിൽ കേരളത്തിൽ വരാൻ സാധ്യതയുണ്ട്. കാരണം വർഗീയമായ ചേരിതിരിവുണ്ടായാൽ ജനം വർഗീയമായി ചിന്തിക്കുകയും ജാതിരാഷ്ട്രീയം എടുത്തുപറയുന്നവർക്ക് കൂടുതൽ സഹായകരമായ നിലപാടുകൾ വരികയും ചെയ്യും. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഒരുതരത്തിലുമുള്ള പരാമർശങ്ങളുണ്ടാകാനും പാടില്ല.
അതുപോലെ ബഹുമാന്യനായ കാന്തപുരത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങൾ പറയാൻ പാടില്ലായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയേപ്പോലെ മതേതരവാദി ഇന്ത്യയിലുണ്ടോ. ഏത് പ്രതിസന്ധിയിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളോടൊപ്പം മുഖ്യമന്ത്രി നിൽക്കാതിരുന്നത്. വർഗീയ കലാപങ്ങൾ ഇടതുമുന്നണിയുടെ ഭരണകാലത്ത് കേരളത്തിൽ നടക്കുന്നില്ല. അതൊക്കെ നടന്നത് ആരുടെ കാലത്താണ്. മാറാട് കലാപമടക്കം നടന്ന സ്ഥലങ്ങളിൽ ധൈര്യമായി പോയി ജനങ്ങളെ ഏകോപിപ്പിച്ച നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ലക്ഷ്യമിടാൻ എന്തിനാണ് വെള്ളാപ്പള്ളി നടേശനെയും സുകുമാരൻ നായരെയും ഉപയോഗിക്കുന്നത്.
അടുത്ത പത്തുവർഷത്തിനുള്ളിൽ നടക്കാൻ പോകുന്ന ഒരു രാഷ്ട്രീയ ദുരന്തത്തേക്കുറിച്ച് ഞാൻ പറയുമ്പോൾ അതിനെ വേറൊരു തരത്തിൽ വ്യാഖ്യാനിച്ച് വളച്ചൊടിച്ചാൽ അതിന് ഞാനെന്ത് മറുപടിയാണ് പറയേണ്ടത്. ഇതുതന്നെയണ് മലപ്പുറത്തും നടന്നത്. വർഗീയതയോട് സമരസപ്പെടുന്ന സമീപനം കേരളത്തിൽ ചിലയിടങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, മലപ്പുറത്തെയും കാസർകോടിനെയും മാത്രം എടുത്ത് പറഞ്ഞത് ചൂണ്ടിക്കാട്ടി മന്ത്രിയുടെ വാദങ്ങളെ ചോദ്യം ചെയ്തതിനോട് മന്ത്രി ക്ഷുഭിതനായി കടന്നുപോയി.















































