ദുബായ്: ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടു പൊരുതിത്തോറ്റ ന്യൂസീലൻഡ് ടീമിനെ പുകഴ്ത്തി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി രംഗത്ത്. വലിയ ടൂർണമെന്റുകളിൽ ഇത്ര സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ലെന്നായിരുന്നു കോലിയുടെ കണ്ടെത്തൽ. സ്വന്തം പദ്ധതികൾ ഇത്രയും വിദഗ്ധമായി നടപ്പാക്കുന്ന ടീമും വേറെയില്ല. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് ടീം ന്യൂസീലൻഡാണ്. പ്രിയ സുഹൃത്തായ കെയ്ൻ വില്യംസൻ പരാജയപ്പെട്ട ടീമിന്റെ ഭാഗമായി നിൽക്കുന്നതിൽ വിഷമമുണ്ടെന്ന് പറഞ്ഞ കോലി, മുൻപ് അദ്ദേഹം ജയിച്ച ടീമിന്റെ ഭാഗമായിരുന്നപ്പോൾ താൻ തോറ്റ ടീമിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
കോലിയുടെ വാക്കുകകൾ ഇങ്ങനെ-
‘‘വിസ്മയിപ്പിക്കുന്ന ടീമാണ് ന്യൂസീലൻഡ്. ഏറ്റവും കുറവു താരങ്ങളെ വച്ച് രാജ്യാന്തര ക്രിക്കറ്റിൽ അവർ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ എക്കാലവും നമുക്ക് അദ്ഭുതത്തോടെ മാത്രമേ കാണാനാകൂ. പ്രധാന ടൂർണമെന്റുകളിൽ ന്യൂസീലൻഡ് ടീം മികവിന്റെ പാരമ്യത്തിലേക്ക് ഉയരുന്ന കാഴ്ച എത്ര തവണ നമ്മൾ കണ്ടിരിക്കുന്നു. വലിയ മത്സരങ്ങളിൽ എപ്പോഴൊക്കെ ന്യൂസീലൻഡിനെ നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം കൃത്യമായ പദ്ധതികളുമായാണ് അവർ കളത്തിലിറങ്ങിയിട്ടുള്ളത്. ന്യൂസീലൻഡിനേപ്പോലെ സ്വന്തം പദ്ധതികൾ ഇത്ര മികച്ച രീതിയിൽ നടപ്പാക്കുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല.’
‘‘ബോളർമാർ എവിടെയാണ് ബോൾ ചെയ്യാൻ പോകുന്നത് എന്ന കാര്യത്തിൽപ്പോലും അവരുടെ ഫീൽഡർമാർക്ക് കൃത്യമായ അറിവുണ്ട്. ബോളർമാരും അവരുടെ പദ്ധതികൾക്ക് അനുസരിച്ച് കൃത്യസ്ഥാനത്ത് തന്നെ ബോൾ ചെയ്യും. വലിയ ടൂർണമെന്റുകളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവരേപ്പോലെ സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ല. സ്വന്തം കഴിവിൽ അവർക്കുള്ള വിശ്വാസം തന്നെയാണ് അതിനുള്ള പ്രധാന കാരണം. വലിയ ടൂർണമെന്റുകളിൽ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ കഴിവുള്ള ടീമാണ് അവർ.’
‘‘നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് നിരയുള്ള ടീം ന്യൂസീലൻഡ് ആണെന്നതിൽ ഒരു തർക്കവുമില്ല. എന്തുകൊണ്ട് ന്യൂസീലൻഡ് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി തുടരുന്നു എന്നത് ഒരിക്കൽക്കൂടി തെളിയിച്ച ടൂർണമെന്റാണ് ഇത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് (കെയ്ൻ വില്യംസൻ) പരാജിതനായി നിൽക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. പക്ഷേ, അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച ടീമിന്റെ ഭാഗമായപ്പോൾ ഞാൻ പരാജയപ്പെട്ട ടീമിലായിരുന്നു. ഞങ്ങൾക്കിടയിൽ എക്കാലവും സ്നേഹം മാത്രം’.