തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റ പണിക്കായി കൊണ്ടുപോയ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ സഭയിൽ പ്രതിപക്ഷ ബഹളം. പിന്നാലെ പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി. ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയെങ്കിലും ഇത് പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അടിയന്തര പ്രമേയം അംഗീകരിക്കാൻ ആകില്ലെന്ന് സ്പീക്കർ അറിയിച്ചു.
പക്ഷെ ഇത് ഗൗരവകരമായ വിഷയമാണെന്നും ഹെക്കോടതി വളരെ കൃത്യമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത കേസാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മാത്രമല്ല ശബരിമലയിൽനിന്ന് അയ്യപ്പന്റെ നാല് കിലോ സ്വർണം ഹൈക്കോടതിയോ, ഉദ്യോഗസ്ഥരോ അറിയാതെ അടിച്ചുമാറ്റിയ വിഷയമാണ്. അയ്യപ്പ ഭക്തരെയും വിശ്വാസി സമൂഹത്തേയും മുഴുവൻ വിഷമത്തിലാക്കിയ പ്രശ്‌നമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സർക്കാരും ദേവസ്വം ബോർഡും അവരെ സംരക്ഷിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകളുടെ പിന്തുണയോടെ നാല് കിലോ സ്വർണം ശബരിമലയിൽനിന്നും അടിച്ചുമാറ്റിയിട്ടും സഭയിൽ അടിയന്തരപ്രമേയം അനുവദിക്കില്ലെന്ന് പറയുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് വാക്ക് ഔട്ട് ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു.
അതേസമയം സംസാരിക്കുന്നതിനിടെ ‘യെസ്’ യെസ് എന്ന് പറഞ്ഞ സ്പീക്കറെയും സതീശൻ എതിർത്തു. സാർ യെസ്, യെസ് എന്നു പറഞ്ഞുകൊണ്ടിരുന്നാൽ താനെങ്ങനെ പറയേണ്ട കാര്യങ്ങൾ പറയും? അതിനാൽ പറയുന്ന കാര്യങ്ങളെ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും സതീശൻ സ്പീക്കറോട് പറഞ്ഞു. അതുപോലെ സംസാരിക്കാൻ അനുവദിക്കുക എന്നത് പ്രതിപക്ഷത്തിന് ലഭിക്കേണ്ട അവകാശമാണെന്നും സ്പീക്കർ അത് നിഷേധിക്കുകയാണെന്നും സതീശൻ പറഞ്ഞു. ഇതോടെ സതീശനോട് താങ്കൾക്ക് തുടരാമെന്ന് ഷംസീർ മറുപടി നൽകി.
ഇതിനിടെ സതീശനെതിരെ എം ബി രാജേഷ് വിമർശനമുന്നയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ ക്ഷീണം തീർക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ആർഎസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരിക്കുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്യാനാവില്ലെന്ന ചട്ടം അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം പ്രമേയവുമായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ വെച്ചാലും തള്ളാൻ ഇടയുള്ള വിഷയം ഇന്നലെ രാത്രി മുഴുവൻ ഗവേഷണം നടത്തി പ്രതിപക്ഷം കൊണ്ടുവന്നിരിക്കയാണെന്ന് മന്ത്രി പി രാജീവ് പരിഹസിച്ചു. ഇന്നലത്തെ ഗതികേട് തീർക്കാൻ വേണ്ടി മാത്രമുള്ള ശ്രമമായി അടിയന്തര പ്രമേയ ആവശ്യത്തെ കണ്ടാൽ മതി. അയ്യപ്പ സംഗമത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. അതിൽ പങ്കെടുക്കാതെ പോകുമ്പോൾ ഉള്ള ജാള്യത എങ്ങനെ മറയ്ക്കാനുള്ള ശ്രമമാണിതെന്നും രാജീവ് പറഞ്ഞു.
അതേസമയം അയ്യപ്പ സംഗമത്തിന് മങ്ങൽ ഏൽപ്പിക്കാനുള്ള പാഴ് ശ്രമം ആണ് പ്രതിപക്ഷത്തിന്റേതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഈ വിഷയം ഇപ്പോഴുള്ളതല്ല 2019 ലേതാണ്. അത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.