വാഷിങ്ടൺ: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി പ്രഖ്യാപിച്ച് യുഎസ്. ഉടമ്പടി അംഗീകരിക്കാത്തപക്ഷം, യുക്രൈന് നൽകിവരുന്ന ആയുധവിതരണം വെട്ടിക്കുറയ്ക്കുമെന്നും അവർക്ക് രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നത് നിർത്തലാക്കുമെന്നും ഭീഷണിയും യുഎസ് മുഴക്കി.
അതേസമയം യുക്രൈന് പരിമിതമായ സുരക്ഷാ ഉറപ്പുകൾ നൽകുമ്പോൾ തന്നെ, യുക്രേനിയൻ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ റഷ്യൻ പ്രസിഡന്റെ ദീർഘകാലമായുള്ള പല ആവശ്യങ്ങളും യുഎസ് പദ്ധതിയിൽ അടങ്ങിയിട്ടുണ്ട്. ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിക്കാൻ മടിച്ച്, വളരെ ശ്രദ്ധയോടെയാണ് യുക്രൈൻ ഈ വിഷയങ്ങളിൽ പ്രതികരിച്ചത്. കൂടാതെ അമേരിക്കൻ സമാധാന ശ്രമങ്ങളെ പ്രത്യേകമായി പ്രശംസിക്കുകയും ചെയ്തു.
സമാധാന ചർച്ചകളുടെ മുൻ ഘട്ടങ്ങളേക്കാൾ കൂടുതൽ സമ്മർദ്ദം വാഷിംഗ്ടൺ ഇപ്പോൾ യുക്രൈനിനുമേൽ ചെലുത്തുന്നതായി ഔദ്യോഗികതലത്തിലുള്ള, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടുപേരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ, നിർദ്ദിഷ്ട കരാറിന്റെ ചട്ടക്കൂടിൽ അടുത്ത വ്യാഴാഴ്ചയ്ക്കകം കീവ് ഒപ്പുവെക്കണമെന്ന് യുഎസ് ആഗ്രഹിക്കുന്നതായും അവർ വെളിപ്പെടുത്തി.
‘അവർക്ക് യുദ്ധം നിർത്തണം, അതിന്റെ വില യുക്രൈൻ നൽകണമെന്നും അവർ ആഗ്രഹിക്കുന്നു.’ അവരിലൊരാൾ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ ഒരു സംഘം വ്യാഴാഴ്ച കീവിൽ വെച്ച് പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്‌കിയുമായി ചർച്ച നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം യുക്രൈനിലെ യുഎസ് അംബാസഡറും പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്ന സൈന്യത്തിന്റെ പബ്ലിക് അഫയേഴ്സ് മേധാവിയും കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് വിശേഷിപ്പിച്ചു. യുഎസും യുക്രൈനും തമ്മിലുള്ള ഒരു രേഖയിൽ ഒപ്പുവെക്കണമെന്ന് കർക്കശമായി ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
ഇതിനിടെ ജർമ്മനി, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളിലെ നേതാക്കൾ വെള്ളിയാഴ്ച സെലൻസ്‌കിയുമായി ഫോണിൽ സംസാരിക്കുകയും റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങളുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ എന്നിവർ യുക്രൈനിൽ ‘ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിലേക്കുള്ള വഴിയിൽ തങ്ങളുടെ മാറ്റമില്ലാത്തതും പൂർണവുമായ പിന്തുണ’ സെലൻസ്‌കിക്ക് ഉറപ്പ് നൽകിയതായി മെർസിന്റെ ഓഫീസ് അറിയിച്ചു.


















































