കീവ്: യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിൽ റഷ്യയുടെ വൻ ആക്രമണം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രെയ്നിലെ പ്രധാന ഭരണകേന്ദ്രങ്ങളിൽ ഒന്നായ മന്ത്രിസഭാ മന്ദിരവും ആക്രമിക്കപ്പെട്ടു. മിസൈൽ ആക്രമണത്തിന് പിന്നാലെ മന്ത്രിസഭാ മന്ദിരത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിൽ അമ്മയും ഒരു വയസുള്ള മകനുമുൾപെടെ 2 പേർ മരിച്ചുവെന്ന് എപി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായി കൈവ് നഗര ഭരണകൂടത്തിന്റെ തലവൻ തൈമൂർ ടകാചെങ്കോ പറഞ്ഞു.
ഉക്രേനിയൻ വ്യോമസേനയുടെ കണക്കനുസരിച്ച്, ശനിയാഴ്ച വൈകിയും ഞായറാഴ്ച പുലർച്ചെയും റഷ്യ ഉക്രെയ്‌നിലേക്ക് കുറഞ്ഞത് 805 ഡ്രോണുകളും 13 മിസൈലുകളും പ്രയോഗിച്ചു, രണ്ടാഴ്ചയ്ക്കുള്ളിൽ കീവിൽ നടക്കുന്ന രണ്ടാമത്തെ വലിയ മിസൈൽ ആക്രമണമാണിത്. ഇതുവരെ യുക്രെയ്ന്റെ സർക്കാർ മന്ദിരങ്ങളെ റഷ്യ ഒഴിവാക്കിയിരുന്നു. എന്നാൽ സമാധാന ശ്രമങ്ങളെയെല്ലാം തകർത്തുകൊണ്ടാണ് യുക്രെയ്ൻ മന്ത്രിസഭാ മന്ദിരത്തിനു നേർക്ക് റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്.
അതേസമയം, കീവ് ആക്രമണത്തിന് മറുപടിയായി റഷ്യയിലെ ബ്രയാൻസ്ക് മേഖലയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ് ലൈൻ യുക്രെയ്ൻ ആക്രമിച്ചു. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ വിതരണം ചെയ്യുന്ന ട്രാൻസിറ്റ് പൈപ്പ് ലൈനാണ് യുക്രെയ്ൻ ആക്രമിച്ചത്.