തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിൽ അമർഷം ശക്തം. സതീശനെതിരായ അധിക്ഷേപം സിപിഎം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ. സിപിഎം പെയ്ഡ് ഏജൻറുമാരെ വച്ചാണു പ്രതിപക്ഷ നേതാവിനെ തകർക്കാൻ ശ്രമിക്കുന്നത്. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും റോജി സമൂഹമാധ്യത്തിൽ കുറിച്ചു.
റോജി എം ജോൺ എംഎൽഎ സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ-
സിപിഎമ്മിന്റെ അടുത്ത ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വച്ചു കൊണ്ടുള്ള നീക്കങ്ങൾ. എംവി നികേഷ് കുമാറിനെ പോലെയുള്ള പൈഡ് ഏജന്റുമാരെ ഇതിനായി ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുണ്ട്.
ഇവരുടെ നിയന്ത്രണത്തിൽ ഉള്ള ഗ്രൂപ്പുകളും ഐഡികളും ആണ് ഭാവനയിൽ നിർമ്മിച്ച കഥകൾ കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത്.
നികേഷ് കുമാറിന്റെയും അവരുടെ ഫീഡ് ലഭിക്കുന്നവരുടെയും വാക്കുകൾ കേട്ട് നിലപാടുകൾ തിരുത്തുന്ന ആളല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം എടുക്കുന്ന നിലപാടുകൾ വ്യക്തമാണ് കൃത്യമാണ്. ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഉൾപ്പെടെ കേരളത്തിൽ യു.ഡി.എഫ് ന്റെ അത്യുജ്വല മുന്നേറ്റം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള UDF നേതാക്കളെ തിരഞ്ഞു പിടിച്ച് സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുന്ന സിപിഎം തന്ത്രമെന്ന് രാഷ്ട്രീയം അറിയാവുന്നവർക്ക് മനസിലാകും. അതുകൊണ്ട് 2026 ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് മുന്നേറുന്ന പാർട്ടിയെയും മുന്നണിയേയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം.