കോഴിക്കോട്: യെമനിലെ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമാനിലെ പണ്ഡിതന്മാരെ ബന്ധപ്പെട്ടു. വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ടെന്നും അത് ഉപയോഗിക്കാനാണ് നീക്കം നടത്തിയതെന്നും കാന്തപുരം പ്രതികരിച്ചു. ഇപ്പോഴും ആ ചർച്ചകൾ യമനിൽ തുടരുകയാണ്. കുടുംബം പൂർണമായി അംഗീകരിച്ചാലെ ഈ നീക്കം വിജയിക്കൂവെന്നും കാന്തപുരം പറഞ്ഞു.
ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടലും തുടരുകയാണ്. യെമനിൽ ഇന്നും കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി വീണ്ടും ചർച്ച (ഇന്ത്യൻ സമയം 12 മണി) നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും.
നിമിഷ പ്രിയ വിഷയത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചു. ഇന്ന് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തിയിട്ടുണ്ട്.
അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി പരമ്പരയിലെ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനും ആണ് എന്ന കാര്യം വലിയ പ്രതീക്ഷ നൽകുന്നു. അദ്ദേഹം കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും ഓഫീസിൽ നിന്നറിയിച്ച കുറിപ്പിൽ പറയുന്നു.
നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടലിൽ സൂഫി പണ്ഡിതന്റെ നേതൃത്വത്തിൽ യോഗം; ഇന്നും തുടരും