മുംബൈ: അഞ്ച് വര്‍ഷത്തിനു ശേഷം ഇതാദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കിൽ 0.25 ശതമാനം ആണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നയ സമീപനം ‘നിക്ഷ്പക്ഷ’ (ന്യൂട്രല്‍)തയില്‍ നിലനിര്‍ത്തുകയും ചെയ്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും.
കോവിഡ് കാലത്താണ് (2020 മെയ്) ആര്‍ബിഐ അവസാനമായി നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി റിപ്പോ 6.50 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.
കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കല്‍ തീരുമാനം. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.
Reserve Bank of India lowers repo rate after 2 years, aiming to boost growth by reducing borrowing