കൊച്ചി: യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെയ്‌സ്ജിമ്മിൽ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്. ഫേഷ്യൽ ഫിറ്റ്‌നെസ് ആൻഡ് സ്‌കിൻ കെയർ രംഗത്തെ ആഗോള ഇന്നവേറ്റർ എന്ന നിലയിൽ പേരെടുത്ത സ്ഥാപനമാണ് ഫെയ്‌സ്ജിം. വലിയ വളർച്ചാസാധ്യതയുള്ള ബ്യൂട്ടി ആൻഡ് വെൽനെസ് രംഗത്ത് വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് റിലയൻസ് റീട്ടെയ്‌ലിന്റെ പുതിയ നീക്കം.
ബ്യൂട്ടി, വെൽനെസ് രംഗത്തെ വിഖ്യാത സംരംഭകനായ ഇംഗെ തെറോൺ സ്ഥാപിച്ച സംരംഭമാണ് ഫെയ്‌സ്ജിം. നോൺ ഇൻവേസിവ് ഫേഷ്യൽ വർക്കൗട്ടുകളിലൂടെയും അത്യാധുനിക സ്‌കിൻകെയർ ഫോർമുലേഷനുകളിലൂടെയും സ്‌കിൻകെയർരംഗത്ത് വിപ്ലവാത്മക മാറ്റം സൃഷ്ടിച്ച കമ്പനിയാണ് ഫെയ്‌സ്ജിം. വിവിധ ആഗോള വിപണികളിൽ കൾട്ട് ഫോളോവേഴ്‌സ് ഉള്ള ബ്രാൻഡാണ് ഫെയ്‌സ്ജിം. ബ്യൂട്ടി, വെൽനെസ്റ്റ്, ഫിറ്റ്‌നെസ് എന്നീ മൂന്ന് ഘടകങ്ങളെയും ഒരുപോലെ കോർത്തിണക്കി പുതിയൊരു വിഭാഗം തന്നെ സൃഷ്ടിച്ചതിന് വലിയ പ്രശംസ നേടിയിട്ടുള്ള സംരംഭമാണിത്.
ഫെയ്‌സ് ജിമ്മിന്റെ ഇന്ത്യയിലെ സാന്നിധ്യം റിലയൻസ് റീട്ടെയ്‌ലിന്റെ ടിറയിലൂടെയായിരിക്കും സംഭവിക്കുക. ആഗോള ബ്രാൻഡിന്റൈ ഇന്ത്യയിലെ പ്രവർത്തനങ്ങളും വിപണി വികസനവും നിയന്ത്രിക്കുന്നതും നൂതനാത്മക സേവനങ്ങൾ അവതരിപ്പിക്കുന്നതും ടിറയായിരിക്കും. അടുത്ത് അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഫെയ്‌സ്ജിമ്മിന്റെ സാന്നിധ്യം ശക്തമാക്കാനാണ് പദ്ധതി. സ്വതന്ത്രമായ സ്റ്റുഡിയോകളും ക്യുറേറ്റഡ് സ്‌പേസുകളുമെല്ലാം വിവിധ നഗരങ്ങളിൽ ഇതിന്റെ ഭാഗമായി വരും.