റിലയന്‍സ്, ജിയോ ബ്രാന്‍ഡുകളുടെ പേരുകള്‍ ദുരുപയോഗം ചെയ്ത് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഉത്തരവിറക്കി ഡല്‍ഹി ഹൈക്കോടതി
കൊച്ചി/ഡല്‍ഹി: റിലയന്‍സ്, ജിയോ ബ്രാന്‍ഡ് നാമങ്ങളും ലോഗോകളും വ്യാജമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ (ഡീലിസ്റ്റ് ചെയ്യാന്‍) ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ എന്നിവയോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് ഉത്തരവിറക്കിയത്. റിലയന്‍സ്, ജിയോ ട്രേഡ്മാര്‍ക്കുകളോടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ പരസ്യം ചെയ്യുകയോ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടേതിന് സമാനമായ ബ്രാന്‍ഡിങ്ങും റിലയന്‍സിന്റെ ആര്‍ട്ടിസ്റ്റിക് വര്‍ക്കും ഉപയോഗിക്കുന്നത് ട്രേഡ്മാര്‍ക്ക് ലംഘനമായാണ് കണക്കാക്കുന്നത്.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കള്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നത് ബ്രാന്‍ഡ് നെയിമുകളുടെയും ലോഗോകളുടെയും അടിസ്ഥാനത്തിലാണ്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വരെ ഭീഷണിയാകുമെന്നും കോടതി നിരീക്ഷിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫയല്‍ ചെയ്ത കേസിലാണ് ജസ്റ്റിസ് ബാനര്‍ജിയുടെ സുപ്രധാന ഉത്തരവ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിരവധി കമ്പനികള്‍ റിലയന്‍സ് ട്രേഡ്മാര്‍ക്കുകള്‍ ഉപയോഗിച്ച് എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കേസ് നല്‍കിയത്.
ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, ദൈനംദിന ഗ്രോസറികള്‍ തുടങ്ങിയവയെല്ലാം ഓണ്‍ലൈനായും ഓഫ്‌ലൈനായും വില്‍ക്കുന്ന എഫ്എംസിജി ബിസിനസില്‍ റിലയന്‍സ് സജീവമാണെന്നും കമ്പനി സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
അനുമതിയില്ലാതെ റിലയന്‍സ് ട്രേഡ്മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത് വ്യാപരസമൂഹത്തിലും പൊതുസമൂഹത്തിലും കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സബ്മിഷന്‍ സ്വീകരിച്ചാണ് കോടതി ഇന്‍ജങ്ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
അഡ്വ. അന്‍കിത് സാഹ്നി, കൃതിക സാഹ്നി, ചിരാഗ് അലുവാലിയ, മോഹിത് മാരു തുടങ്ങിയവരാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയത്.