എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയറ്ററുകളില്‍ എത്തുമെന്നും വ്യാഴാഴ്ച്ചമാത്രമാണ് എഡിറ്റിങ് പതിപ്പ് എത്തുക എന്നും പലതരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയറ്ററുകളില്‍ തിരക്കിട്ട നീക്കം നടക്കുയാണ്. നിലവില്‍ ഒരു തിയറ്ററിലും സെന്‍സര്‍ ചെയ്ത പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നാണ് വിവരം. എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് രാത്രിയിലുള്ള ഷോ കഴിഞ്ഞു വേണം തിയറ്ററുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശനത്തിനു സജ്ജമാക്കേണ്ടത്. എന്നാല്‍ മാത്രമേ നാളെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിക്കാനാകൂവെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഇതുവരെ ഒരു തിയറ്ററിലും പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നും നാളെ റീ എഡിറ്റിങ് പതിപ്പ് പ്രദര്‍ശിപ്പിക്കുമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
വെട്ടാത്ത എമ്പുരാന്‍ കാണാന്‍ തിരക്കു കൂട്ടണ്ട; കത്തിവെയ്ക്കാത്ത എമ്പുരാന്റെ പ്രദര്‍ശനം തുടരും
തിയറ്ററുകളിലെ ഡൗണ്‍ലോഡ് ബോക്‌സിലാണ് ഉള്ളടക്കം എത്തുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ അരമണിക്കൂറോളം വേണ്ടിവരും. ഇന്റര്‍നെറ്റിന്റെ വേഗം അനുസരിച്ച് ഈ സമയപരിധിയില്‍ വ്യത്യാസം വരാം. സംസ്ഥാനത്ത് മിക്ക തിയറ്ററുകളിലും രാവിലെ തുടങ്ങുന്ന എമ്പുരാന്റെ പ്രദര്‍ശനം പുലര്‍ച്ചെ 3 മണിയോടെയാണ് അവസാനിക്കുന്നത്. നഗരങ്ങളിലെ പല തിയറ്ററുകളിലും രാത്രി വൈകി 12 മണിക്കാണ് അവസാന ഷോ. പ്രദര്‍ശന സമയം കഴിഞ്ഞാണ് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുകയെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. എമ്പുരാന് മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ളതിനാലും രണ്ടു ഷോകള്‍ക്കിടയില്‍ കഷ്ടിച്ച് അരമണിക്കൂര്‍ മാത്രമാണ് ഇടവേള എന്നതിനാലും പകല്‍ സമയത്തു ഡൗണ്‍ലോഡിങ് നടക്കില്ല.
ഷോ ടൈമില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്താല്‍ അര മണിക്കൂര്‍ എന്നത് ഒരു മണിക്കൂറിനു മുകളിലേക്ക് പോയേക്കാമെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു. പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് അപ്ലോഡ് ചെയ്താലും അത് സ്‌ക്രീന്‍ ചെയ്ത് എല്ലാം കൃത്യമാണെന്ന് ഉറപ്പു വരുത്തും. അതിനാല്‍ നാളെ വെളുപ്പിന് മൂന്നിനും രാവിലെ 10നും ഇടയിലായിരിക്കും ഭൂരിപക്ഷം തിയറ്ററുകളിലും ഡൗണ്‍ലോഡിങ്ങും പ്രിവ്യു പ്രദര്‍ശനവും നടക്കുക.
എഡിറ്റ് ചെയ്ത ഭാഗം മാത്രം ഒരു ഫയലാക്കി അയയ്ക്കാനാകും. ഈ പ്രക്രിയ എളുപ്പമാണെങ്കിലും ആ സാധ്യത തിയേറ്റര്‍ അധികൃതര്‍ തള്ളിക്കളയുന്നു. സിനിമയുടെ പല ഭാഗത്തായി എഡിറ്റിങ് നടന്നാല്‍ മുഴുവന്‍ സിനിമയും മാറ്റി അപ്ലോഡ് ചെയ്യേണ്ടിവരും.