അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് തമിഴിലെ സൂപ്പർ താരങ്ങളായ കമൽ ഹാസനും രജനീകാന്തും. തനിക്കൊപ്പമുണ്ടായിരുന്ന സഹപാഠി, ശ്രീനിവാസൻ ഇനി നമുക്കൊപ്പമില്ല എന്നത് തന്നെ ഞെട്ടിച്ചുവെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നിച്ച് പഠിച്ചവരാണ് രജനിയും ശ്രീനിയും. ശബ്ദസന്ദേശത്തിലൂടെയാണ് രജനീകാന്ത് ശ്രീനിവാസന് ആദരമർപ്പിച്ചത്.
‘എന്റെ പ്രിയസുഹൃത്ത് ശ്രീനിവാസൻ ഇനിയില്ലെന്ന വാർത്ത എന്നെ ഞെട്ടിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സഹപാഠിയായിരുന്നു അദ്ദേഹം. മികച്ച നടനും വളരെ നല്ലൊരു മനുഷ്യനുമായിരുന്ന അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’ -രജനീകാന്ത് പറഞ്ഞു.
അതേസമയം ഫേസ്ബുക്കിലൂടെയാണ് കമൽഹാസൻ ശ്രീനിവാസനെ അനുസ്മരിച്ചത്. ‘ചില കലാകാരന്മാർ നമ്മളെ രസിപ്പിക്കും, ചിലർ പ്രബുദ്ധരാക്കും, ചിലരാകട്ടെ പ്രകോപിപ്പിക്കും. ശ്രീനിവാസൻ ഇതെല്ലാം ചെയ്തു. അതുല്യ കലാകാരന് എന്റെ ആദരം. അദ്ദേഹത്തിന്റെ കുടുംബത്തേയും പ്രിയപ്പെട്ടവരേയും അഗാധമായ അനുശോചനം അറിയിക്കുന്നു.’ – ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കമൽഹാസൻ കുറിച്ചു.
ശനിയാഴ്ച രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉൾപ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. നാളെ രാവിലെ 10 മണിയോടെയാണ് സംസ്കാരം.
















































