പത്തനംതിട്ട: എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അത്തരമൊരു ചിന്ത തന്റെ ആലോചനയിൽപോലും ഇല്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങൾ ഉയർന്നശേഷം പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുലിപ്പോൾ ഉള്ളത്.
അതേസമയം താൻ ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതികരിച്ചിരുന്നു. ‘ആരോപണങ്ങൾ ഉയർത്തുന്നവർക്കാണ് അതു തെളിയിക്കാനുള്ള ബാധ്യത. എന്നോടു രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവയ്ക്കുന്നത്.
സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോൺഗ്രസ് പ്രവർത്തകർക്കില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു. എന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഞാൻ ഏറ്റെടുക്കുന്നു. ഞാൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും പരാതിപ്പെടാം’– രാഹുൽ വ്യക്തമാക്കി.
















































