കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ കീഴടങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതിയിലും രാഹുൽ പറഞ്ഞിരിക്കുന്നത്. ഇന്നലെ രാഹുൽ കാസർകോട് കീഴടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നുവെങ്കിലും അവസാന നിമിഷം തീരുമാനത്തിൽ നിന്നു പിന്മാറിയെന്നാണ് സൂചന.
അതേസമയം ബലാത്സംഗത്തിനു തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചാണു കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്തേക്കാമെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറ ചൂണ്ടിക്കാട്ടി.
ഇതിനിടെ പ്രതിയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതായി ഉത്തരവിലുണ്ട്. രാഹുലിനെതിരെ പുതുതായി റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിന്റെ എഫ്ഐആർ പ്രോസിക്യൂഷൻ ഹാജരാക്കിയതും കോടതി പരിശോധിച്ചു.



















































